കുട്ടമ്പേരൂർ ആറിന്റെ പുനരുദ്ധാരണം മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
Tuesday, July 26, 2016 10:49 AM IST
മാവേലിക്കര: കുട്ടമ്പേരൂർ ആറിന്റെ പുനരുദ്ധാരണവിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ആറിന്റെ പുനരുദ്ധാരണത്തിന് ത്രിതലപഞ്ചായത്തുകൾ, വകുപ്പുകൾ എന്നിവ തമ്മിലുള്ള തർക്കങ്ങളും ഒഴിവാക്കണമെന്നും നടപടിക്ക് വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്നും സംസ്‌ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് അഭിപ്രായപ്പെട്ടു.

ദീപിക വാർത്തയുടെ അടിസ്‌ഥാനത്തിൽ ചെന്നിത്തല ക്ലാസിക്ക്ലബ് രക്ഷാധികാരി സുഭാഷ് കിണറുവിളയാണ് കമ്മീഷനിൽ ആറിന്റെ പുനരുദ്ധാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. വിഷയത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മൈനർ ഇറിഗേഷൻവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മീഷൻ പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ കൈയേറ്റങ്ങളും, റവന്യു ഉദ്യോഗസ്‌ഥരുടെ ലഭ്യതകുറവും നിസഹകരണവുംമൂലം സർവേ നടപടികൾ മുമ്പോട്ടു കൊണ്ടുപോകാൻ സാധിച്ചില്ലെന്നു ബുധനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഹാജരാക്കിയപ്പോഴാണ് കമ്മീഷൻ താക്കീത് നൽകിയത്.

മൈനർ ഇറിഗേഷൻ ഹാജരാക്കിയ റിപ്പോർട്ടിൽ കുട്ടമ്പേരൂർ ആറിന്റെ നവീകരണത്തിനായി കുട്ടനാട് പാക്കേജിൽ പദ്ധതിയില്ലായെന്ന് രേഖപ്പെടുത്തി. എന്നാൽ ആറിന്റെ ഇരുകരകളിലുമുള്ള പാടശേഖരങ്ങൾക്ക് ബണ്ട് നിർമിക്കാനും കുട്ടമ്പേരൂർ ആറ്റിലെ ചെളി നീക്കി നീരൊഴുക്ക് സുഗമമാക്കുവാനും പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതി തയാറാക്കിയിരുന്നെങ്കിലും മുഖ്യമന്ത്രി അധ്യക്ഷനായ പ്രോസ്പിരിറ്റി കൗൺസിൽ തത്കാലം ഈ വർക്ക് ടെൻഡർ ചെയ്യേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് കുട്ടനാട് പാക്കേജിൽ ആറിനെ ഉൾപ്പെടുത്താഞ്ഞതെന്നും എക്സിക്യൂട്ടീവ് എൻജിനിയർ കമ്മീഷനെ രേഖാമൂലം അറിയിച്ചു.

എന്നാൽ 2014ൽ ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയയോഗം കുട്ടമ്പേരൂർ ആറ്റിലെ പോള, ചെളി എന്നിവ നീക്കം ചെയ്യാൻ 5.62 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ഇതിന് ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പണികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും എക്സിക്യൂട്ടിവ് എൻജിനിയർ രേഖാമൂലം ഉറപ്പ് നൽകി. കൈയേറ്റങ്ങൾ ഒഴിപ്പിക്കുവാനും സർവേ പുനരാരംഭിക്കുവാനും ജലവിഭവവകുപ്പിന്റെ സഹായം ഉറപ്പാക്കൻ മൈനർ ഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എൻജിനിയർ, അസി. എൻജിനിയർ എന്നിവരെ ചുമതലപ്പെടുത്തിയതായി എക്സ്ക്യൂട്ടീവ് എൻജിനിയർ കമ്മീഷനെ അറിയിച്ചു.