ടൂറിസ്റ്റുബസിടിച്ച് ബൈക്ക്യാത്രികൻ മരിച്ചു
Friday, August 26, 2016 4:22 PM IST
കൂത്താട്ടുകുളം: ടൂറിസ്റ്റു ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വടകര പ്ലാക്കിൽ (കുന്നേൽ) മാത്യു പൈലി (സണ്ണി–54) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പാലക്കുഴ ഷാപ്പുംപടിക്കു സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളത്തേക്കു വരികയായിരുന്ന മാത്യു സഞ്ചരിച്ചിരുന്ന ബുള്ളറ്റും തലയോലപ്പറമ്പിൽനിന്നു വിവാഹചടങ്ങ് കഴിഞ്ഞ് തൊമ്മൻകുത്തിലേക്കു മടങ്ങുകയായിരുന്ന ടൂറിസ്റ്റു ബസുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ ഉടൻ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര സെന്റ് ജോൺസ് യാക്കോബായ പള്ളി ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ:ലിസി. മക്കൾ: എൽദോസ്(ഓസ്ട്രേലിയ), എൽബിൻ (ഡൽഹി). മരുമക്കൾ: സ്റ്റെഫി (ഓസ്ട്രേലിയ), ജാസ്മിൻ (ഡൽഹി).