കരാർ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കുമെന്ന്
Wednesday, September 21, 2016 12:51 PM IST
കോട്ടയം: ചെങ്ങന്നൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള എംസി റോഡ് നവീകരണം അതിവേഗം പുരോഗമിക്കുന്നു. കരാർ കാലാവധിക്ക് മുമ്പ് നവീകരണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ടിപി അധികൃതർ. ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ, പട്ടിത്താനം–മൂവാറ്റുപുഴ എന്നിങ്ങനെ രണ്ടു റീച്ചുകളായാണ്് നവീകരണം നടക്കുന്നത്.

ചെങ്ങന്നൂർ–ഏറ്റുമാനൂർ ഭാഗത്തെ ജോലികളാണു വേഗത്തിൽ മുന്നേറുന്നത്. മറ്റൊരുകമ്പനി കരാർ ഏറ്റെടുത്തിരിക്കുന്ന പട്ടിത്താനം മുതൽ മൂവാറ്റുപുഴ വരെയുള്ള 41 കിലോമീറ്റർ ഭാഗത്തെ ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. 2017 നവംബർ 30നുള്ളിൽ രണ്ടു റീച്ചുകളിലെയും നിർമാണം പൂർത്തിയാകുമെന്ന് കെഎസ്ടിപി അധികൃതർ പറയുന്നത്. ഏറ്റുമാനൂർ–കോട്ടയം–ചങ്ങനാശേരി ഭാഗങ്ങളിലെ നിർമാണജോലികൾ ഏറെക്കുറെ പൂർത്തിയായി. ചങ്ങനാശേരി–തിരുവല്ല, ചെങ്ങന്നൂർ–തിരുവല്ല ഭാഗങ്ങളിലെ നിർമാണജോലികൾ പുരോഗമിക്കുകയണ്. 2017 നവംബർ 26 നുളളിൽ റോഡ് നിർമാണം പൂർത്തിയാക്കാനാണു കരാർ. എന്നാൽ ഇതിനു രണ്ട്*മാസംമുമ്പ് റോഡ് നിർമാണം പൂർത്തിയാക്കാനാണ് കരാർ എടുത്ത കമ്പനിയുടെ തീരുമാനം.

നിർമാണത്തിന്റെ ആദ്യഘട്ടങ്ങളിൽ മഴ വില്ലനായെങ്കിലും ഇപ്പോൾ രാത്രിയും പകലും വ്യത്യാസമില്ലാതെ ഇടവേളയില്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കാലവർഷം കാര്യമായി ദോഷം ചെയ്യാത്തത് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ സഹായകകരമായിട്ടുണ്ട്. ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ പട്ടിത്താനം വരെയുള്ള 47 കിലോമീറ്റർ റോഡ് നിർമാണത്തിന് 293 കോടി രൂപക്കാണു കരാർ നൽകിയിരിക്കുന്നത്.

നിലവിൽ നാട്ടകം കോളജു മുതൽ ചങ്ങനാശേരി വരെയുള്ള ജോലികൾ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്്. രണ്ടാംഘട്ട ടാറിംഗ് ജോലികളാണു പ്രധാനമായും അവശേഷിക്കുന്നത്. ഒറ്റപ്പെട്ട ചിലയിടങ്ങളിൽ ടാറിംഗ് അവശേഷിക്കുന്നുമുണ്ട്.

നിലവിൽ ചെങ്ങന്നൂർ–തിരുവല്ല ഭാഗത്ത് കല്ലിശേരി മുതൽ നിർമാണ ജോലികൾ നടന്നു വരികയാണ്. ചങ്ങനാശേരി–തിരുവല്ല ഭാഗത്ത് പന്നിക്കുഴി ഭാഗത്താണ് നിർമാണം.

പെരുന്നയിൽ കലുങ്കിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇത് പൂർണമാകുന്നതോടെ പെരുന്ന മുതൽ ചങ്ങനാശേരി സെൻട്രൽ ജംഗ്ഷൻവരെയുള്ള നിർമാണ ജോലികൾ ആരംഭിക്കും. റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷൻ നവീകരിക്കും.

നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിക്കുന്ന തിരുവല്ല ബൈപ്പാസിന്റെ ജോലികളും നടന്നുവരികയാണ്. നഗരസഭാ മൈതാനിയിൽനിന്ന് ആരംഭിക്കുന്ന ഫ്ളൈ ഓവറിന്റെ നിർമാണമാണ് നടക്കുന്നത്.

മഴുവങ്ങാട് ചിറയിൽനിന്ന് ആരംഭിച്ച് വൈഎംസിഎ വഴി രാമൻചിറയിൽ എത്തുന്ന ബൈപാസ് നിർമിക്കുന്നതിനാൽ തിരുവല്ല നഗരത്തെ ഒഴിവാക്കിയാണ് റോഡ് നിർമാണം. ചെങ്ങന്നൂർ–ഏറ്റുമാനൂർ നവീകരണത്തിന്റെ ഭാഗമായി പുതിയതായി പുത്തൻവീട്ടിൽപ്പടി, പന്നിക്കുഴി, നീലിമംഗലം എന്നിവങ്ങളിൽ പാലങ്ങൾ പൂർത്തിയായിട്ടുണ്ട്. കല്ലിശേരി, തോട്ടറ, വരട്ടാർ പാലങ്ങളുടെ നിർമാണം നടന്നുവരികയാണ്.നാട്ടകം മുതൽ കോട്ടയം ബേക്കർ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് നേരത്തെ പൊതുമരാമത്ത് വകുപ്പ് വികസനം നടത്തിയതിനാൽ കെഎസ്ടിപി പദ്ധതിയിൽ വികസനം നടത്തുന്നില്ല. കോടിമതയിൽ രണ്ടാം പാലം നിർമിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ ചുമതല.