ചേറുമ്പ് ഇക്കോ വില്ലേജ് സ്വകാര്യ സ്‌ഥലത്ത്; പ്രതിഷേധം ശക്‌തമാകുന്നു
Wednesday, October 19, 2016 12:59 PM IST
കരുവാരക്കുണ്ട്: കേരളാംകുണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിനു പിന്നാലെ ചേറുമ്പ് ഇക്കോ വില്ലേജും സ്വകാര്യ ഭൂമിയിലെന്ന് റവന്യൂ സർവേ സംഘം കണ്ടെത്തിയതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായി. കേരളാംകുണ്ട് വിനോദ സഞ്ചാര കേന്ദ്രം സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിലാണെന്ന് ‘‘ദീപിക’’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഒലിപ്പുഴയിൽ അങ്ങാടിച്ചിറ മുഖ്യആകർഷണ കേന്ദ്രമാക്കി രണ്ടു കോടി രൂപ ചെലവിൽ ടുറിസം വകുപ്പാണ് മാസങ്ങൾക്കു മുമ്പ് ഇക്കോ വില്ലേജ് തുറന്നത്. കരുവാരക്കുണ്ട് പഞ്ചായത്ത് വിട്ടു നൽകിയ പുറമ്പോക്ക് ഭൂമിയിലാണ് ഇതിന്റെ നിർമാണം നടത്തിയത്.

എന്നാൽ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടത്തോടു ചേർന്നുള്ള നടപ്പാതയും പൂന്തോട്ടവും സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത് ഉൾപ്പെടുത്തി റവന്യൂ അധികൃതർ കുറ്റി നാട്ടി വേർതിരിച്ചതോടെയാണ് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടത്തോടു ചേർന്നു സ്വകാര്യ വ്യക്‌തി നേരത്തേ അനധികൃതമായി കടയും വാഹന പാർക്കിങ്ങും തുടങ്ങിയിരുന്നു.

ഇത് പുറമ്പോക്കിലാണെന്ന് ആരോപിച്ച് പഞ്ചായത്തും റവന്യൂ അധികൃതരും ചേർന്ന് കട പൊളിച്ചുനീക്കി. ഇതിനെതിരേയുള്ള തർക്കത്തിനൊടുവിൽ ഈ ഭാഗത്തെ പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്താൻ പഞ്ചായത്ത് റവന്യൂ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. പുഴയുടെ ഇരു കരകളിലുമായാണ് പാർക്ക് വ്യാപിച്ചു കിടക്കുന്നത്.

സ്വകാര്യവ്യക്‌തികൾ സർവേ സംഘത്തെ സ്വാധീനിച്ചാണ് ഇക്കോ വില്ലേജ് സ്‌ഥിതി ചെയ്യുന്ന സ്‌ഥലം കൈവശപ്പെടുത്താനുള്ള ശ്രമത്തിനു പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നത്.

കൽകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം ടൂറിസം പദ്ധതിയുടെ ഭൂമിയും സ്വകാര്യ വ്യക്‌തികളുടെ സ്‌ഥലത്താണെന്നു വ്യക്‌തമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നിസംഗതയാണന്നും ഇതിനെതിരേ അന്വേഷണം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. നാലു വർഷമായിട്ടും സ്വകാര്യ വ്യക്‌തികൾ ഈ സ്‌ഥലം ഡിടിപിസിക്കു കൈമാറിയിട്ടില്ല. നൂറു രൂപയുടെ മുദ്രപത്രത്തിലുള്ള രജിസ്റ്റർ ചെയ്യാത്ത കരാർ മാത്രമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഭൂഉടമകൾ നൽകിയിരിക്കുന്നത്.

കരുവാരക്കുണ്ടിലെ ടൂറിസം പദ്ധതിക്കു പിന്നിൽ വൻ അഴിമതി നടന്നതായും ഇതിനെതിരേ വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വരും ദിവസങ്ങളിൽ ശക്‌തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. കൂടാതെ സമഗ്ര സാംസ്കാരിക സംഘടനാ ഭാരവാഹികൾ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. പ്രതിഷേധം ശക്‌തമായതോടെ ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം വിളിക്കാനുള്ള ശ്രമത്തിലാണ്.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ചേരുന്ന സർവകക്ഷിയോഗത്തിൽ എ.പി.അനിൽകുമാർ എംഎൽഎ, ഡിടിപിസി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ടെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് അറിയിച്ചു.