ഏനാത്ത് പാലത്തിന്റെ അതിർത്തി തർക്കങ്ങൾക്ക് അറുതിയില്ല
Monday, January 23, 2017 12:52 PM IST
കൊട്ടാരക്കര : ഏനാത്ത് പാലത്തിന്റെ അതിർത്തി തർക്കങ്ങൾക്ക് അറുതിയില്ല. ഇപ്പോൾ അപകടാവസ്‌ഥയിലായ ഏനാത്ത് പാലത്തിന്റെ ഉടമസ്‌ഥാവകാശം കൊല്ലം ജില്ലക്കോ പത്തനംതിട്ട ജില്ലക്കോ. കാലങ്ങളായി ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ഈ തർക്കം ഇപ്പോഴും തുടരുകയാണ്. കൊല്ലം ജില്ല വിഭജിച്ച് പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതിനുമുമ്പ് പാലം പൂർണമായി കൊല്ലം ജില്ലയുടേതായിരുന്നു.

വിഭജനത്തിനുശേഷമാണ് ജനങ്ങൾക്കിടയിൽ ആശങ്കയും തർക്കങ്ങളും ഉടലെടുത്തത്. പുതിയ പാലം നിലവിൽ വന്ന ശേഷം പാലത്തിന്റെ സംരക്ഷണ ചുമതല പൊതുമരാമത്തു വകുപ്പിന്റെ കൊട്ടാരക്കരയിലെ ബ്രിഡ്ജ് ഡിവിഷനാണെന്ന് അധികൃതർ പറയുന്നു. എന്നാൽ പാലത്തിലൂടെ കടന്നു പോകുന്ന എംസി റോഡ് പൊതുമരാമത്തു വകുപ്പിന്റെ അടൂർ ഡിവിഷനു കീഴിലാണ്. പാലത്തിന്റെ കൊട്ടാരക്കര ഭാഗത്തെ 200 മീറ്ററോളം വരുന്ന റോഡ് അടൂർ സെക്ഷന്റെ പരിധിയിലാണ്.

ഇപ്പോൾ തകർച്ചയിലായ പാലത്തിന്റെ നിർമാണ ഘട്ടത്തിലും ഉദ്ഘാടനവേളയിലും ഈ തർക്കങ്ങൾ ചേരി തിരുവുണ്ടാക്കിയിരുന്നു. പാലത്തിന് തറക്കല്ലിട്ടത് കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഭാഗത്തായിരുന്നു. അന്നത്തെ പൊതുമരാമത്തു മന്ത്രി പി.കെ.കെ. ബാവയാണ് തറക്കല്ലിട്ടത്.

എന്നാൽ പാലത്തിന്റെ ഉദ്ഘാടനം നടത്തിയത് പത്തനംതിട്ട ജില്ലയിലെ ഏനാത്തായിരുന്നു. ഉദ്ഘാടനത്തിന്റെ ശിലാഫലകം സ്‌ഥാപിച്ചതും പത്തനം തിട്ട ജില്ലയുടെ ഭാഗത്താണ്. അന്നത്തെ വകുപ്പു മന്ത്രി പി.ജെ.ജോസഫായിരുന്നു ഉദ്ഘാടകൻ.

ഉദ്ഘാടന വേളയിൽ കൊല്ലം ജില്ലയുടെ ഭാഗത്തുള്ളവർ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരു ജില്ലകളിലെയും രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ തന്നെ വിള്ളലുണ്ടാക്കിയ സംഭവമായിരുന്നു ഇത്. പാലത്തോട് ചേർന്ന കൊല്ലം ജില്ലയിൽപെട്ട പാലം മുക്കിൽ എല്ലാ ബസുക്കൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ ഭാഗത്തുള്ളവർ പ്രക്ഷോഭം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ബസ് സ്റ്റോപ്പ് അനുവദിച്ചത് പത്തനംതിട്ട ജില്ലയിലെ ഏനാത്തായിരുന്നു.

കല്ലടയാർ പൂർണമായും കൊല്ലം ജില്ലക്ക് അവകാശപ്പെട്ടതാണെന്ന ഹൈക്കോടതി വിധിയുള്ളതായി കുളക്കട പഞ്ചായത്തധികൃതർ വ്യക്‌തമാക്കുന്നു. മണൽ വാരലുമായി ബന്ധപ്പെട്ട പരാതിയിലാണ് ഈ വിധിയുണ്ടായിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ കടവുകളിൽ ഈ ഭാഗത്ത് മണൽ വാരുന്നത് നിരോധിച്ചു കൊണ്ടായിരുന്നു ഈ വിധി. ഇപ്പോൾ പാലത്തിനു ബലക്ഷയമുണ്ടായതോടെ ഇരു ജില്ലയിലും പെട്ടവർ തർക്ക വിഷയങ്ങൾ പൊടി തട്ടിയെടുത്തിട്ടുണ്ട്. ചേരികളും രൂപപ്പെട്ടു കഴിഞ്ഞു.

വിചിത്രമായ കാര്യങ്ങളാണ് പാലത്തിന്റെ പേരിൽ നിലനിൽക്കുന്നത്. നദി കൊല്ലം ജില്ലയുടേതും റോഡ് പത്തനംതിട്ട ജില്ലയുടേതും പാലം തങ്ങളുടേതെന്ന് ഇരു ജില്ലാക്കാരും ഇതിനെല്ലാം വ്യക്‌തത കൈവരുത്തുവാൻ അധികൃതർക്കു കഴിയുന്നുമില്ല. ജനങ്ങളുടെ തർക്കം തുടരുകയും ചെയ്യുന്നു.