ഹായ് സ്കൂൾ കുട്ടിക്കൂട്ടം
Saturday, February 18, 2017 1:10 PM IST
ആലപ്പുഴ: ഐടി ആറ്റ് സ്കൂൾ പ്രോജക്ട് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ആനിമേഷൻ സിനിമാ നിർമാണ പരിശീലനം ഐടി അറ്റ് സ്കൂൾ ജില്ലാ പ്രോജക്ട് ഓഫീസിൽ ആരംഭിച്ചു. നിയോജകമണ്ഡലത്തിലെ 18 ഹൈസ്കൂളുകളിൽ നിന്നായി എട്ട്, ഒമ്പത് ക്ലാസുകളിലെ തെരഞ്ഞെടുത്ത 50 വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. 17നു ആരംഭിച്ച പരിശീലനം ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ വി. അശോകൻ ഉദ്ഘാടനം ചെയ്തു. ഇന്നു സമാപിക്കും.

ഐടി അറ്റ് സ്കൂൾ ജില്ലാ കോ–ഓർഡിനേറ്റർ കെ.ഒ. രാജേഷ്, ഐടി അറ്റ് സ്കൂൾ മാസ്റ്റർ ട്രെയ്നർ ജോൺ കോശി, പരിശീലകനും കാർട്ടൂണിസ്റ്റുമായ ഇ. സുരേഷ്, മാസ്റ്റർ ട്രെയ്നർ പി.പി. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. കഥാരചന, കഥയിലെ കാഥാപാത്രങ്ങളെ വേർതിരിച്ചെടുത്തു രൂപകൽപന ചെയ്യൽ, സംഭാഷണം ഒരുക്കൽ, സ്റ്റോറിബോർഡ് നിർമാണം, കഥാപാത്രങ്ങളെ ഉപയോഗിച്ച് സീൻ തിരിച്ച് ആനിമേഷൻ, റിക്കോർഡ് ചെയ്യൽ, സംഗീത നിർവഹണം, എഡിറ്റിംഗ്, ടൈറ്റിൽ ഗ്രാഫിക്സ് രൂപപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടുന്ന വിധത്തിലാണ് മൂന്നുദിവസത്തെ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഹൈടെക് സ്കൂൾ പദ്ധതിയുടേയും ഭാഗമായി ഹൈസ്കൂൾ കൂട്ടികളുടെ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് കുട്ടികളുടെ കൂട്ടായ്മായ ഹായ് സ്കൂൾ കൂട്ടിക്കൂട്ടം ഐടി അറ്റ് സ്കൂൾ രൂപീകരിച്ചത്.