പത്തനാപുരം മേഖലകളിൽ വെള്ളീച്ചകൾ ഭീഷണി
Friday, October 6, 2017 12:54 PM IST
പത്തനാപുരം: വെള്ളീച്ചയുടെ ആക്രമണത്തില്‍ തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നു. തെങ്ങിന്‍റെ ഓലകളുടെ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളീച്ചകള്‍ ഇതിന്‍റെ നീര് വലിച്ച് കുടിച്ച് തെങ്ങിനെ കരിംപൂപ്പല്‍ രോഗത്തിലേക്ക് എത്തിക്കുന്നു.

വിദേശത്ത് നെതര്‍ലന്‍റിൽ കൂടുതലായി കാണപ്പെടുന്ന റൂഗോസ് സ്‌പൈറലിംഗ്വെള്ളീച്ചകളാണ് ഇവിടെ തെങ്ങിന്‍റെ നാശത്തിന് കാരണമായിട്ടുള്ളത്.പത്തനാപുരം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ, കലഞ്ഞൂർ പഞ്ചായത്ത്, കടമ്പനാട്, ഏഴംകുളം, പള്ളിക്കല്‍ പഞ്ചായത്തുകളിലായി ഇപ്പോള്‍ രോഗംപിടിപെട്ടിട്ടുള്ളത്. തെങ്ങില്‍ നിന്ന് മറ്റ് വിളകളിലേക്കും ഇത് വ്യാപിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

വെളുത്ത ചിറകിന്‍റെ മുകള്‍ പരപ്പില്‍ നേരിയ തോതില്‍ മങ്ങിയ നീലനിറം കാണപ്പെടുന്നത്. ഇതിനെ മറ്റ് വെള്ളീച്ചകളില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കും. ഇപ്പോഴത്തെ കാലാവസ്ഥ ഈ വെള്ളിച്ചകളുടെ വംശവര്‍ധനവിന് അനുകൂലമെന്നതും കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു.

വെള്ളിച്ചകള്‍ തെങ്ങോലയുടെ അടി ഭാഗത്ത് താമസമുറപ്പിച്ചാല്‍ പിന്നെ ഇവ സ്രവിക്കുന്ന ഹണിഡൂ തൊട്ടുതാഴെയുള്ള ഇലയുടെ മുകളില്‍ വീഴുന്നു. ഇത് കാരണം ഇലയുടെ അടി ഭാഗത്തും മുകള്‍ പരപ്പിലും കരിംപൂപ്പല്‍ പടര്‍ന്നു പിടിക്കുന്നു.

കൂടാതെ വെള്ളീച്ചകൾ പുറപ്പെടുവിക്കുന്ന വെളുത്ത നിറത്തിലുള്ള പൊടിയും അപകടകരമാണ്.ജൈവമാര്‍ഗങ്ങളാണ് ഇന്ന് വെള്ളീച്ചകള്‍ക്കെതിരെ ഫലപ്രദമായിട്ടുള്ളത്.

മൂന്നാം ഗണത്തില്‍പ്പെട്ട ഏറ്റവും അപകടകാരികളായ വെള്ളീച്ചകളാണ് തെങ്ങുകളിൽ വ്യാപിച്ചിരിക്കുന്നത്. പെട്ടെന്ന് തന്നെ വ്യാപിക്കുന്നതിനാല്‍ മറ്റ് വിളകളിലേക്കും ഇതിന്‍റെ ആക്രമണം ഉണ്ടാകാൻ സാധ്യതയാണ്.