മ​ക​ന്‍റെ വി​യോ​ഗ​ദു​ഖ​ത്തി​ലും ട്രാ​ക്കി​ൽ സ​ജീ​വ​മാ​യി ഗി​രീ​ഷ്
Thursday, October 12, 2017 12:19 PM IST
മാ​ന​ന്ത​വാ​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ക​ൻ മ​രി​ച്ച​തി​ന്‍റെ വേ​ദ​ന നി​ൽ​ക്കു​ന്പോ​ഴും ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന മാ​ന​ന്ത​വാ​ടി​യി​ലെ മൈ​താ​ന​ത്ത് സ​ജീ​വ​മാ​ണ് കാ​ട്ടി​ക്കു​ള​ത്തി​ന്‍റെ കാ​യി​ക പ​രി​ശീ​ല​ക​നാ​യ ഗി​രീ​ഷ്. 1997ൽ ​കാ​ട്ടി​ക്കു​ള​ത്ത് ആ​രം​ഭി​ച്ച സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​നാ​ണ് ഗി​രീ​ഷ്. എ​ല്ലാ​വ​ർ​ഷ​വും കാ​യി​ക മേ​ള​ക​ളി​ൽ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​കു​ന്ന ഇ​ദ്ദേ​ഹം കാ​ട്ടി​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 40 കാ​യി​ക താ​ര​ങ്ങ​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നെ​ത്തി​യി​ട്ടു​ള്ള​ത്. ഉ​പ​ജീ​വ​ന​ത്തി​നാ​യി ക്ഷീ​ര​മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്ത ഇ​ദ്ദേ​ഹ​ത്തി​ന് കാ​യി​ക​പ​രി​ശീ​ല​നം ഒ​രു ത​പ​സും സ​മ​ർ​പ്പ​ണ​വു​മാ​ണ്.

ആ​ദി​വാ​സി ഗോ​ത്ര മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ലാ​യും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും വൈ​കു​ന്നേ​രം 4.30 മു​ത​ൽ 6.30 വ​രെ​യും കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കും. സ്വ​ന്ത​മാ​യി ഡ​യ​റി ഫാം ​ന​ട​ത്തു​ന്ന ഗി​രീ​ഷി​ന്‍റെ മ​ക​ൻ കോ​യ​ന്പ​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്. ദീ​ർ​ഘ ദൂ​ര ഇ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ഒ.​പി. ജെ​യ്ഷ​യു​ടെ ആ​ദ്യ പ​രി​ശീ​ല​ക​നാ​ണ് ഗി​രീ​ഷ്.