ബാങ്കിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി
Sunday, October 22, 2017 1:02 PM IST
കൊട്ടാരക്കര: സിൻഡിക്കേറ്റ് ബാങ്കിന്‍റെ കൊട്ടാരക്കര പുലമൺ ശാഖയിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.ഇന്നലെ വൈകുന്നേരം 5 .45 ഓടെയാണ് സംഭവം. ബാങ്ക് അവധി ആയതിനാൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. കൊട്ടാരക്കരയിൽ താമസിക്കുന്ന ബാങ്ക് മാനേജർ അതു വഴി വന്നപ്പോഴാണ് ബാങ്കിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ കൊട്ടാരക്കരയിലെ അഗ്നി ശമന വിഭാഗത്തിൽ വിവരം അറിയിക്കുക ആയിരുന്നു. സമീപമുള്ള അഗ്നിശമനസേന ഉടൻ തന്നെ സ്ഥലത്തെത്തി.

ഫയർഫോഴ്സ് ജനാലകൾ തകർത്ത് തീപിടിത്തത്തിന്‍റെ ഉറവിടം കണ്ടെത്തുകയും ഷട്ടർ തകർത്ത് ഓക്‌സിജൻ മാസ്‌ക് ധരിച്ച് ഉള്ളിൽ കടക്കുകയും ചെയ്തു. ബാങ്കിൽ സ്ഥാപിച്ച അഗ്നി ശമനത്തിനുള്ള യന്ത്രം ഉപയോഗിച്ച് പുക കെടുത്തുക ആയിരുന്നു. ബാങ്കിലെ കംപ്യൂട്ടർ സർവർ മുറിയിലെ നെറ്റ് വർക്ക് റൂട്ടർ പുകഞ്ഞതാണ് പുക ഉയരാൻ കാരണമെന്ന് പോലീസ് പറയുന്നത്.
ബാങ്കിലെ മറ്റു വസ്തുക്കൾക്കൊന്നും കേടുപാടുകളില്ല. ഈ ബാങ്കിന്‍റെ മുകളിലത്തെ നിലയിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. തീ കത്തിയിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനേ.

സംഭവം അറിഞ്ഞ് സഹകരണ ബാങ്ക് ജീവനക്കാർ എത്തി ബാങ്കിലെ വൈദ്യുതി അണച്ചു സുരക്ഷ ഉറപ്പ് വരുത്തി. കൊട്ടാരക്കര അഗ്നിശമന വിഭാഗത്തിലെ അസിസ്റ്റന്‍റ് ് സ്‌റ്റേഷൻ ഓഫീസർ വി മുരളീധരൻ നായരുടെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ ആർ സജീവ് , ഫയർമാന്മാരായ പവിത്രൻ, സി രമേശ് കുമാർ, മനോജ്, ഷൈൻ, പ്രമോദ്, ഡ്രൈവർ ഹരിചന്ദ് എന്നിവരടങ്ങിയ സംഘമാണ് പുക കെടുത്തിയത്.