മ​ഞ്ഞ​ക്ക​ട​ലി​ര​ന്പി; ആ​വേ​ശ​പ്പൂ​രം കൊ​ടി​യേ​റി
Friday, November 17, 2017 3:09 PM IST
കൊ​ച്ചി: കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​പ്പൂ​ര​ത്തി​നു കൊ​ച്ചി​യി​ൽ കൊ​ടി​യേ​റി. കൊ​ച്ചി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ മ​ഞ്ഞ​ക്കു​പ്പായ​മ​ണി​ഞ്ഞ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തെ മ​ഞ്ഞ​ക്ക​ട​ലാ​ക്കി. അ​തി​ന്‍റെ തി​ര​യി​ള​ക്ക​ത്തി​ൽ കൊ​ച്ചി ആ​വേ​ശ​ത്തേ​രി​ലേ​റി.

ആ​ദ്യ അ​ങ്ക​ത്തി​നു കൊ​ഴു​പ്പേ​കാ​നെ​ത്തി​യ​വ​രു​ടെ ആ​ഘോ​ഷ​ത്തി​മി​ർപ്പി​ൽ കൊ​ച്ചി ന​ഗ​രം ഇ​ന്ന​ലെ പുളകിതയായി. രാ​വി​ലെ മു​ത​ൽ ത​ന്നെ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം ആ​രാ​ധ​ക​രെ കൊ​ണ്ടു നി​റ​ഞ്ഞു. ഉ​ച്ച​യാ​യ​തോ​ടെ മ​ഞ്ഞ​ക്കു​പ്പാ​യ​മ​ണി​ഞ്ഞ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒഴുകി. ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും എ​ത്തി​യ​വ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം മു​ത​ൽ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യ് വി​ളി​ച്ചു. മു​ഖ​ത്തും താ​ടി​യി​ലും ത​ല​യി​ലു​മെ​ല്ലാം ടീ​മി​ന്‍റെ നി​റ​വും ചി​ഹ്ന​വും പൂ​ശി​യാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്.

ക​ളി തു​ട​ങ്ങാ​ൻ ഒ​രു മ​ണി​ക്കൂ​ർ മു​ന്പേ സ്റ്റേ​ഡി​യ​ത്തി​ന്‍റെ മൂ​ന്ന് ത​ട്ടി​ലും മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​ർ നി​റ​ഞ്ഞു​ക​വി​ഞ്ഞു. പി​ന്നീ​ട് നി​ല​യ്ക്കാ​ത്ത ആ​ര​വ​മാ​യി​രു​ന്നു. കൊ​ന്പ​ൻ​മാ​ർ​ക്ക് ആ​വേ​ശം​പ​ക​രാ​ൻ ഇ​ത്ത​വ​ണ​യും മ​ല​ബാ​റി​ൽനി​ന്നാ​ണ് ആ​രാ​ധ​ക​ർ ഏ​റെ​യും ഒ​ഴു​കി​യെ​ത്തി​യ​ത്. ആ​ഴ്ച​ക​ൾ​ക്കു മു​ന്പേ ഓ​ണ്‍​ലൈ​ൻ വ​ഴി ടി​ക്ക​റ്റെ​ടു​ത്ത​വ​ർക്കു പുറമെ അ​വ​സാ​ന നി​മി​ഷ​മെ​ങ്കി​ലും നേ​രി​ട്ടു ടി​ക്ക​റ്റ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​ത്തി​യ​ത് പ​തി​നാ​യി​ര​ങ്ങ​ളാ​യി​രു​ന്നു. നേ​രി​ട്ടു​ള്ള ടി​ക്ക​റ്റ് കി​ട്ടാ​തെ വ​ന്ന​തോ​ടെ ആ​രാ​ധ​ക​ർ നി​രാ​ശ​യോ​ടെ മ​ട​ങ്ങേ​ണ്ടി​വ​ന്നു.

വ​ർ​ണ​പ്പൊ​ലി​മ​യും സം​ഗീ​ത​വും നി​റ​ഞ്ഞ ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലെ പ്ര​ത്യേ​കം തയാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ നാ​ലാം പ​തി​പ്പി​നു തു​ട​ക്ക​മാ​യ​ത്. കോ​ൽ​ക്ക​ത്ത​യു​ടെ​യും ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ​യും ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ടാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വൈ​കി​ട്ട് 7.45ന് ​മൈ​താ​ന​ത്തി​ലെ​ത്തി​യ​പ്പോ​ൾ സ്റ്റേ​ഡി​യം ഇ​ര​ന്പി​യാ​ർ​ക്കുകയായിരുന്നു.

ന​ട​ൻ മ​മ്മു​ട്ടി, ബ്ലാ​സ്റ്റേ​ഴ്സ് ഉ​ട​മ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, ഐ​എ​സ്എ​ൽ മേ​ധാ​വി നി​ത അം​ബാ​നി, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ൽ​മാ​ൻ ഖാ​ൻ, ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​രും താ​ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ടു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നുശേ​ഷം അ​വ​സാ​ന​വ​ട്ട ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി മൈ​താ​ന​ത്തേ​ക്ക് എ​ത്തി​യ ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ങ്ങ​ളെ ആ​വേ​ശ​ത്തോ​ടെ കൊ​ച്ചി വ​ര​വേ​റ്റു. ആ​ദ്യ​മ​ത്സ​ര​ത്തി​ന്‍റെ കി​ക്ക് ഓ​ഫ് മു​ത​ൽ തു​ട​ങ്ങി​യ ആ​ർ​പ്പു​വി​ളി​യും ആ​ര​വ​വും ഫൈ​ന​ൽ ഫി​സി​ലൂ​തും​വ​രെ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ തി​ര​മാ​ല​പോ​ലെ ഉ​യ​ർ​ന്നു താ​ണു​കൊ​ണ്ടി​രു​ന്നു.

ടി​ക്ക​റ്റ് കൗ​ണ്ട​ർ ത​ക​ർ​ത്ത ആ​വേ​ശം

ടി​ക്ക​റ്റ് ല​ഭ്യ​മാ​കാ​ത്ത​തി​നെത്തുടർന്ന് ആ​രാ​ധ​ക​ർക്കുണ്ടായ നിരാശ പ്ര​തി​ഷേ​ധ​വും രോഷവുമായി പതഞ്ഞുയർന്നു. പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​പ്പോൾ പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ആ​രാ​ധ​ക​ർ അടങ്ങിയില്ല. ടി​ക്ക​റ്റ് കൗ​ണ്ട​ർ അ​ടി​ച്ചു ത​ക​ർ​ത്താ​ണ് ആ​രാ​ധ​ക​ർ കലിപ്പ് തീ​ർ​ത്ത​ത്. രാ​വി​ലെ മു​ത​ൽ ടി​ക്ക​റ്റി​നാ​യി കാ​ത്തു​നി​​ന്ന​വ​രുടെ പ്ര​തി​ഷേ​ധമാണ് ഒടുവിൽ അണപൊട്ടിയത്. സ്റ്റേ​ഡി​യ​ത്തി​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത​റി​യാ​തെ എ​ത്തി​യ​താ​യി​രു​ന്നു അ​ധി​ക​പേ​രും. ഇവർക്കെല്ലാം നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി വ​ന്നു. അതിനിടെ ഓൺലൈൻ ടിക്കറ്റെടുത്തവർ ഇരട്ടിവിലയ്ക്കും മറ്റും ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നതും കാണാമായിരുന്നു.