മത്സ്യങ്ങളെ കാണാം, വാങ്ങാം, തിന്നാം
Tuesday, January 16, 2018 1:44 AM IST
കൊ​ച്ചി: ര​ണ്ടാ​മ​തു രാ​ജ്യാ​ന്ത​ര സ​ഫാ​രി സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കൊച്ചിയിലെ കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നത്തിൽ (സി​എം​എ​ഫ്ആ​ർ​ഐ) സം​ഘ​ടി​പ്പി​ച്ച മ​ത്സ്യ-​ഭ​ക്ഷ്യ-​കാ​ർ​ഷി​ക മേ​ള ആ​ദ്യദി​നം ത​ന്നെ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. പാ​ച​കം ചെ​യ്ത മത്സ്യവി​ഭ​വ​ങ്ങ​ൾ കഴിക്കാനും കൂ​ടു​കൃ​ഷി​യി​ൽ വി​ള​വെ​ടു​ത്ത കാ​ളാ​ഞ്ചി, ക​രി​മീ​ൻ, തി​ലാ​പ്പി​യ തു​ട​ങ്ങി​യ മത്സ്യങ്ങ​ളെ ജീ​വ​നോ​ടെ സ്വ​ന്ത​മാ​ക്കാ​നും സ​മു​ദ്ര അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ള്ള മ​റൈ​ൻ അ​ക്വേ​റി​യം കാ​ണാനും മേ​ള​യി​ൽ നല്ല തി​ര​ക്കാണ​നു​ഭ​വ​പ്പെ​ട്ട​ത്.

സം​സ്ക​രി​ച്ച ട്യൂ​ണ, ട്യൂ​ണ ഓ​യി​ൽ, ട്യൂ​ണ അ​ച്ചാ​ർ, ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ, ഓ​യി​സ്റ്റ​ർ വി​ഭ​വ​ങ്ങ​ൾ, ജൈ​വ പ​ച്ച​ക്ക​റി തു​ട​ങ്ങി അ​നേ​കം ഉ​ത്പന്ന​ങ്ങ​ൾ വി​പ​ണ​നമേ​ള​യി​ൽ ല​ഭ്യ​മാ​ണ്. സു​ഗ​ന്ധ​വ്യ​ഞ്ജ​നങ്ങളും അവകൊണ്ടുള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും മേളയിലുണ്ട്. കൃ​ഷി വി​ജ്ഞാ​നകേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ ബ്രാ​ൻ​ഡ് ചെ​യ്ത പൊ​ക്കാ​ളി ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നും ആ​വ​ശ്യ​ക്കാ​രേ​റെ​.
അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള മ​ഞ്ഞ​ൾ, ഇ​ഞ്ചി തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തു​ക​ളും കു​റ്റി​ക്കു​രു​മു​ള​കി​ന്‍റെ തൈ​ക​ളും ജൈ​വ പ​ച്ച​ക്ക​റി​ക​ളും വിത്തുകളും ജൈ​വ​വ​ള​ങ്ങ​ളും ജൈ​വ​കീ​ടി​നാ​ശി​നികളും വാ​ഴ​ക്ക​ന്ന്, ക​റി​വേ​പ്പ്, പാ​ഷ​ൻ ഫ്രൂ​ട്ട്, പൈ​നാ​പ്പി​ൾ തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ളുമു​ണ്ട്.

നീ​ര, ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, തേ​ങ്ങ ചി​പ്സ്, നീ​ര ഉ​പ​യോ​ഗി​ച്ചു​ള്ള മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണു നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ സ്റ്റാ​ളി​ലു​ള്ള​ത്. വി​വി​ധ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും നടക്കുന്നുണ്ട്. മേള നാളെ സമാപിക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യം.