ശ്രേ​ഷ്ഠ ക​ർ​ഷ​ക​ന് നേരേ ആക്രമണം; മൂ​ന്ന് മാ​സ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തെ പോ​ലീ​സ്
Wednesday, January 16, 2019 11:28 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​ട്ടാ​ത്ത​ല​യി​ൽ ശ്രേ​ഷ്ഠ ക​ർ​ഷ​ക​പു​ര​സ്കാ​ര ജേ​താ​വി​ന് ക്രി​മി​ന​ൽ സം​ഘ​ത്തി​ന്‍റെ ക്രൂ​ര മ​ർ​ദന​മേ​റ്റ് മൂ​ന്ന് മാ​സ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്.
കോ​ട്ടാ​ത്ത​ല പ​ണ​യി​ൽ കാ​രാ​യി​ക്കോ​ട്ടു വീ​ട്ടി​ൽ സു​ഭാ​ഷി​നെ​യാ​ണ് ക്രി​മി​ന​ൽ സം​ഘം അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ​ത്.​ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 21നാ​ണ് സം​ഭ​വം. ഉച്ചകഴിഞ്ഞ് 3.30 ഓ​ടെ പാ​ൽ വി​ത​ര​ണം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രും വ​ഴി വീ​ടി​ന​ടു​ത്തു​ള്ള എ​സ്എ​ൻഡിപി സ്കൂ​ളി​നു സ​മീ​പം വ​ച്ചാ​ണ് ക്രി​മി​ന​ൽ സം​ഘം ഇ​ദ്ദേഹത്തെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ക്രൂ​ര​മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ വെ​ൻ​റി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്.​ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത ശ്രാ​വ​ത്തെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.
തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യേ​ണ്ടി​വ​ന്ന ഇ​ദ്ദേഹത്തിന് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യെ​ങ്കി​ലും സ്ഥി​ര ബോ​ധ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. വ​ല​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച​യും ഇ​ല്ലാ​താ​യ സ്ഥി​തി​യി​ലാ​ണ്. കൃ​ഷി ഉ​പ​ജീ​വ​ന​മാ​ക്കി​യ സുഭാഷ് നി​ര​വ​ധി ത​വ​ണ നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശ്രേ​ഷ്ഠ​ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്.
അ​ക്ര​മം ന​ട​ന്ന് മൂ​ന്നു മാ​സ​മാ​യി​ട്ടും പ്ര​തി​ക​ളെ മു​ഴു​വ​ൻ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല. കോ​ട്ടാ​ത്ത​ല സ്വദേശി വി​പി​ൻ, ത്രി​പു​ര പോ​ലീ​സ് റൈ​ഫി​ൾ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ശാ​ന്ത്, അ​നൂ​പ് എ​ന്നി​വ​രാ​ണ് ആക്രമിച്ചതെന്ന് പറയുന്നു. ​മൂ​ന്നാം പ്ര​തി​ അ​നൂ​പി​നെ നേരത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. 30 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​യ്ക്കു ശേ​ഷം ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി.​ എ​ന്നാ​ൽ വി​പി​നും പ്ര​ശാ​ന്തും സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​ദേ​ശ​ത്ത് സ​ജീ​വ​മാ​യു​ണ്ടാ​യി​രു​ന്നി​ട്ടും പോ​ലീ​സ് പി​ടി​കൂ​ടി​യി​ല്ല. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​ർ പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്ര​ദേ​ശ​ത്തെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് മ​ർ​ദന​മേ​റ്റ സു​ഭാ​ഷും കു​ടും​ബ​വും പ​റ​യു​ന്നു. കൃ​ഷി സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തു​മാ​ണ് സുഭാഷ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. സു​ഭാ​ഷ് കി​ട​പ്പി​ലാ​യ​തോ​ടെ ര​ണ്ട് കു​ട്ടി​ക​ള​ട​ങ്ങി​യ കു​ടും​ബം പെ​രു​വ​ഴി​യി​ലി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. സു​ഭാ​ഷി​ന്‍റെ ഭാ​ര്യ മു​ഖ്യ​മ​ന്ത്രി​യ്ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ത്തി​ലി​റ​ങ്ങു​മെ​ന്നും സുഭാഷിന്‍റെ കു​ടും​ബം പ​ത്ര​സ​മ്മേ​ള​ന​ത്തി​ലൂ​ടെ അ​റി​യി​ച്ചു.