മാനന്തവാടി: ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സൗജന്യ മെഗാ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാന്പ്. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ മുതൽ നിരവധി ആളുകൾ ആരോഗ്യ സേവനം ഉപയോഗപ്പെടുത്താൻ എത്തി. ആരോഗ്യമേളയിൽ ആകെ 8,900 പേർ ചികിത്സ തേടി. സൗജന്യ തുടർചികിത്സ ലഭ്യമാക്കുന്നതിനായി 1654 രോഗികളെയും തെരഞ്ഞെടുത്തു. രാവിലെ എട്ടോടെ ആരംഭിച്ച ക്യാന്പ് വൈകുന്നേരം മൂന്നരയോടെയാണ് സമാപിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മെഗാ മെഡിക്കൽ ക്യാന്പ് ജില്ലയിൽ സംഘടിപ്പിച്ചത്.
ആരോഗ്യമേള ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടർ എ.ആർ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. നൂറിലധികം ഡോക്ടർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം ക്യാന്പിൽ ലഭ്യമായിരുന്നു.
എറണാകുളത്തു നിന്നുമാത്രം 65 ഡോക്ടർമാരാണ് സേവനവുമായി ക്യാന്പിൽ എത്തിയത്. കൂടാതെ ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഡിഎം വിംസ്, കോംട്രെസ്റ്റ് ഐ കെയർ എന്നിവിടങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും ക്യാന്പിലെത്തി. ഓരോ ചികിത്സാ വിഭാഗങ്ങൾക്കും പരിശോധനകൾക്കും പ്രത്യേകം സംവിധാനങ്ങളും ക്യാന്പിലൊരുക്കിയിരുന്നു. ശാരീരിക അവശത അനുഭവിക്കുന്നവർക്ക് വീൽചെയറും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ആശ്വാസമായി. മരുന്നു വിതരണത്തിന് പ്രത്യേകം ഫാർമസികളുമുണ്ടായിരുന്നു.
ജനറൽ മെഡിസിൻ, ശ്വാസകോശ രോഗം, ത്വക് രോഗം, ഇഎൻടി, ശിശുരോഗം, ഗൈനക്കോളജി, കാൻസർ, അസ്ഥിരോഗം, വാതം, നേത്രരോഗം, ഹൃദ്രോഗം, വൃക്കരോഗം, മസ്തിഷ്ക രോഗം, ഉദര രോഗം, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, മാനസിക രോഗം എന്നീ വിഭാഗങ്ങളിൽ ചികിൽസ ലഭ്യമാക്കി. ഡോക്ടർമാർ നിർദേശിക്കുന്നവർക്ക് സൗജന്യമായി അൾട്രാ സൗണ്ട് സ്കാൻ, സിടി സ്കാൻ, എക്സ് റേ, ഇസിജി, എക്കോ ടെസ്റ്റ് തുടങ്ങിയ വൈദ്യ സഹായങ്ങളും ഉറപ്പാക്കി. തെരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് ഒരു വർഷത്തേക്കുള്ള തുടർചികിത്സയും നൽകും. തുടർ ചികിത്സയ്ക്കാവശ്യമായ സാന്പത്തിക പിന്തുണ നൽകുന്നത് ഭാരത് പെട്രോളിയം കന്പനി ലിമിറ്റഡാണ്. കേരളത്തിൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച എട്ട് പ്രദേശങ്ങളിലാണ് കൊച്ചിൻ ഐഎംഎയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാന്പ് നടത്തുന്നത്. നാലാമത്തെ ക്യാന്പാണ് മാനന്തവാടിയിൽ സംഘടിപ്പിച്ചത്.
മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, വൈസ് ചെയർപേഴ്സണ് ശോഭാ രാജൻ, മറ്റു ജനപ്രതിനിധികൾ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, ഐഎംഎ കൊച്ചിൻ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, ഡി.എം വിംസ് ആശുപത്രി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, ബിപിസിഎൽ പ്രതിനിധി ആർ. പ്രവീണ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.