കോല്‍ക്കത്ത: ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയില്‍ തൃണമൂല്‍ നേതാവ് സബ്യസാചി ദത്ത അറസ്റ്റില്‍. 2018ല്‍ മുന്‍ ബിധാനഗര്‍ മേയറായിരുന്ന സബ്യസാചി ദത്ത തന്നോട് ഒരു കോടിയിലധികം രൂപ ആവശ്യപ്പെട്ടതായി കാണിച്ച് ഒരു വ്യവസായി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ പശ്ചിമ ബംഗാളിലെ വടക്കന്‍ 24 പര്‍ഗാനാസ് ജില്ലയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ സബ്യസാചിക്കു നേരെ പ്രതിഷേധക്കാര്‍ മുട്ടയും തക്കാളിയും എറിഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബരാസത് മണ്ഡലത്തില്‍ മത്സരിച്ച സബ്യസാചി ദത്ത പരാജയപ്പെട്ടിരുന്നു. 2019ല്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം തൃണമൂൽ കോൺഗ്രസിലേക്കുതന്നെ തിരിച്ചെത്തുകയായിരുന്നു. തൊഴില്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ബിധാൻനഗര്‍ എംഎല്‍എയും തൃണമൂല്‍ സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന സുജിത് ബോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് സബ്യസാചി ദത്തയ്ക്ക് എതിരേയുള്ള നടപടി.