കരുണയുടെ കൈത്താങ്ങുമായി 'പാപ്പ' സൗഹൃദ സംഗമം
Monday, September 10, 2018 10:19 PM IST
ജിദ്ദ: പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പാപ്പ) വിപുലമായ പരിപാടികളോടെ സൗഹൃദ സംഗമം നടത്തി. സാംസ്കാരിക സമ്മേളനവും യാത്രയയപ്പും, ദരിതാശ്വാസ മെഗാനറുക്കെടുപ്പ്, കലാസന്ധ്യ എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് പരിപാടി സംഘടിപ്പിച്ചത്.

സാംസ്കാരികസമ്മേളനം റീഗൾ മുജീബ് ഉദ്ഘാടനം ചെയ്തു . സാദിക്‌ പാണ്ടിക്കാട് 'പാപ്പ'പിന്നിട്ട നാളുകൾ വിശദീകരിച്ചു. കാലം തേടുന്ന വീണ്ടുവിചാരം എന്ന സമകാലിക സന്ദേശം നൽകി ഉസ്മാൻപാണ്ടിക്കാട് സദസിനെ അഭിസംബോധന ചെയ്തു. നൈമിഷികമായ ആർഭാടങ്ങളിൽ അഭിരമിക്കുന്ന മനുഷ്യൻ വെറും നിസാരനാണെന്ന വലിയ പാഠമാണ് നാട്ടിലെ ദുരന്തം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം അംഗങ്ങളെ ഓർമപ്പെടുത്തി . പ്രവാസികൾ സ്വന്തം കുടുംബത്തിൻറ്റെയും കുട്ടികളുടെയും ഭാവിയിൽ ആശങ്കപുലർത്തി, സമ്പത്തും ജീവിത സൗകര്യങ്ങളും വാരിക്കൂട്ടാൻ കഠിനാദ്ധ്വാനം ചെയ്യുമ്പോൾ, സ്വന്തത്തിനുവേണ്ടി എന്ത് സമ്പാദിച്ചു എന്നുകൂടി ചിന്തിക്കാനുള്ള അവസരങ്ങളാണ് ദുരന്തങ്ങൾ നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രളയക്കെടുതിയിൽ നാട്ടിലുണ്ടായിരുന്ന സംഘടനയുടെ ജനറൽ സെക്രട്ടറി മുഹമ്മദ്‌കുട്ടി വെള്ളുവങ്ങാട് സഹപ്രവർത്തകരുമൊന്നിച്ച് നാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിൽ നടത്തിയ അടിയന്തര സാമ്പത്തിക സഹായം സദസിന്‍റെ പ്രശംസ പിടിച്ചുപറ്റി .

പ്രസിഡന്‍റ് സകറിയ പയ്യപ്പറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂന്നുപതിറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വാലിൽ സാലിമിന് ചടങ്ങിൽ മൊമെന്‍റോ നൽകി ആദരിച്ചു. അഞ്ചില്ലൻ അബൂബക്കർ , എ.ടി. ഇസ്ഹാഖ്, റസാഖ് കളത്തിൽ , സാദിക്കലികുള്ളാപ്പ , ഷാനവാസ്ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ സാലിം തൻറ്റെ പ്രവാസാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. മാസ്റ്റർ മുഹമ്മദ്ഇസ്മായിൽ ഖിറാഅത്ത്‌ നടത്തി . കെ.എം. കൊടശേരി സ്വാഗതവും മൻസൂർ മാഞ്ചേരി നന്ദിയും പറഞ്ഞു .

നാട്ടിലെ പ്രത്യേക സാഹചര്യത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി അമ്പു .എ ടി, അമീൻ.എടി , ഹംസ നെല്ലൂർ, ബാബു എന്നിവരുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ കൂപ്പൺ വിതരണത്തിന്‍റെ മെഗാനറുക്കെടുപ്പാണ് രണ്ടാമത്തെ സെഷനിൽ നടന്നത് . പാപ്പ നൽികിയ ഒന്നാംസമ്മാനമായ സ്വർണനാണയം മൊയ്‌തീൻകൊപ്പം പട്ടാമ്പിയും ജീപാസ് നൽകിയ രണ്ടും മൂന്നും സമ്മാനങ്ങളായ വാഷിംഗ് മെഷീൻ, ഡിന്നർ സെറ്റ് എന്നിവ യഥാക്രമം യൂനുസ് കുറ്റിപ്പുളി സലിം പൊറ്റയിൽ എന്നിവരും കരസ്ഥമാക്കി .

തുടർന്നു നടന്ന കലാസന്ധ്യയിൽ ആശ സിജു , ഷബീർ കോട്ടപ്പുറം, റിയാസ് , സലിം , ഫിറോസ് എന്നിവർ ഗാനമാലപിച്ചു . ഫാത്തിമ ഷംനാ നൃത്തം അവതരിപ്പിച്ചു. കലാസന്ധ്യയിൽ പങ്കെടുത്ത എല്ലാവർക്കും റീഗൽമാൾ സമ്മാനങ്ങൾ വിതരണം ചെയ്തു

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ