മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കേണ്ടത് സാമൂഹ്യ ബാധ്യത
Monday, September 10, 2018 10:24 PM IST
ജിദ്ദ : ഉത്തമമായ പെരുമാറ്റ രീതിയോടെ ജനങ്ങളെ സമീപിക്കുന്നതിലും അവരുടെ മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിലും ഈ വർത്തമാനകാലത്ത് വിശ്വാസി സമൂഹത്തിനിടയിൽ പോലും അപചയങ്ങൾ സംഭവിക്കുന്നുവെന്ന് അബ്‌ദുൾ മജീദ് സുഹ്‌രി യാമ്പു. " പ്രവാചകന്‍റെ മൂന്ന് ഉപദേശങ്ങൾ " എന്ന വിഷയത്തെ ആധാരമാക്കി ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്‍ററിലെ പൊതു സദസിനെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭയഭക്തിയോടും സൂക്ഷ്മതയോടെയുള്ള വിശ്വാസകർമങ്ങൾ കൊണ്ട് തന്‍റെ സൃഷ്ടാവിനോടുള്ള ബാധ്യത ഒരു വിശ്വാസി നിറവേറ്റുമ്പോൾ , തിന്മകളെ തൊട്ടു തന്‍റെ രക്ഷിതാവിനോട് പശ്ചാത്തപിച്ചു കൊണ്ട് നന്മ നിറഞ്ഞ ജീവിതത്തെ ചിട്ടപ്പെടുത്തി ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ട അവന്‍റെ അടിമയാകുന്നതിലൂടെ സ്വശരീരത്തോടുള്ള ബാധ്യതകൾ അവൻ നിറവേറ്റുന്നു. അവസാനത്തെ ബാധ്യത സമൂഹത്തോടാണ്, ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവരീതിയിലൂടെ ജനങ്ങളെ സമീപിക്കുന്ന ഒരു വിശ്വാസി ഏറ്റവും ഉത്തമമായ സ്വഭാവത്തിനുടമയായിരുന്ന തന്‍റെ പ്രവാചകന്‍റെചര്യ പിൻപറ്റുക വഴി തന്റെ സാമൂഹ്യ ബാധ്യത നിറവേറ്റുന്നവനായി മാറുന്നു എന്ന പ്രവാചക വചനങ്ങളെ കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

അബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അബ്ദുൽ ഹമീദ് പന്തല്ലൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ