സാലറി ചലഞ്ച് ഏറ്റെടുത്ത് കേരള സോഷ്യൽ സെന്‍റർ മാനേജിംഗ് കമ്മിറ്റി
Thursday, September 13, 2018 12:13 AM IST
അബുദാബി: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന് പകരമായി ഒരു പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ച് സ്വീകരിക്കാൻ കേരളാ സോഷ്യൽ സെന്‍റർ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.

നവ കേരള നിർമിതിക്കായി ലോകത്തെന്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് എല്ലാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മാസഗഡുക്കളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിശ്ചിത തുക അയച്ചു കൊടുക്കുന്നതായിരിക്കും.

കെഎസ് സി അംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇതിനകം മുഖ്യമന്ത്രിയുടെ അഭ്യർഥനയോട് അനുകൂലമായി പ്രതികരിച്ചു കഴിഞ്ഞു. നമ്മുടെ നാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ഈ സാലറി ചലഞ്ച് എല്ലാ പ്രവാസി മലയാളികളും ഏറ്റെടുക്കണമെന്ന് കെഎസ് സി മാനേജിംഗ് കമ്മിറ്റി അഭ്യർഥിച്ചു.

റിപ്പോർട്ട്:അനിൽ സി. ഇടിക്കുള