സംഗീതം പെയ്തിറങ്ങിയ ഇശല്‍ രാവ്
Monday, September 24, 2018 9:24 PM IST
അബാസിയ (കുവൈത്ത്) : കുളിരണിഞ്ഞ രാവില്‍ പെയ്തിറങ്ങിയ സംഗീതവിരുന്ന് സമ്മാനിച്ച് ഇശല്‍ നില 2018 ന് സമാപനം. കടുത്ത ചൂടിനിടയിലും മനസിലേക്ക് മഞ്ഞിന്‍കണങ്ങളായി സംഗീതം പെയ്തിറങ്ങിയ വെള്ളിഴാഴ്ച രാവ് ആസ്വദിക്കാന്‍ നൂറുകണക്കിന് ആളുകളാണ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ വേദിയിലേക്ക് ഒഴുകിയെത്തിയത്.

പ്രശസ്ത ഗായകരായ കണ്ണൂര്‍ ശരീഫ് , ഫാസില ഭാനു , യുംന അജിന്‍ , ഓര്‍ക്കസ്ട്ര അംഗങ്ങളായ നബീല്‍,ഹക്കിം ,മുബഷിര്‍ തുടങ്ങിയവര്‍ കാതിനിമ്പം പകരുന്ന പാട്ടുകളുമായി സദസിനെ ഇളക്കിമറിച്ചു. കാണികള്‍ക്കിടയില്‍നിന്ന് പാട്ട് പാടി വേദിയിലേക്ക് കയറിവന്ന പ്രശസ്ത റിയാലിറ്റി ഷോ താരം യുംന അജിനെ സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. വേദിയിലെ വെള്ളിവെളിച്ചത്തില്‍ സംഗീതത്തിന്‍റെ ഇന്ദ്രജാലം തീര്‍ക്കുകയായിരുന്ന നബീലിന്‍റെ പറക്കും വിരലുകള്‍. ഒപ്പം തബലയുടെ താളങ്ങളും ഡ്രമ്മിന്‍റെ പ്രകമ്പനങ്ങളും ജാസിന്‍റെ ചടുലതയും പ്രകമ്പനം തീര്‍ത്തതോടെ സദസ് ആനന്ദ നൃത്തമാടി. ഇശലിന്‍റെ തേന്‍മഴ പെയ്യിച്ച് കൊണ്ട് കണ്ണൂര്‍ ശരീഫും താള ഭംഗിയും ഇമ്പമാര്‍ന്ന ഇശലുകളുടെ മാധുര്യവുമായി ഫാസിലയും അടിപൊളി ഹിന്ദി ഗാനങ്ങളുമായി യുംനയും സദസനെ കൈയിലെടുത്തു. പാട്ടിനോടപ്പം കുവൈത്തിലെ പ്രമുഖ ഡാന്‍സ് സ്കൂളായ ഡി.കെ ഡാന്‍സും പ്രതിഭയും നടത്തിയ ദൃശ്യാവിഷ്കാരവും പ്രേക്ഷകര്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി. പഴയതും പുതിയതുമായ മലയാളം, ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി നബീല്‍ ഗിറ്റാറില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോഴും സദസ് ഇളകി മറിഞ്ഞു.

പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയ കേരളത്തിന് കൈത്താങ്ങായി റാഫില്‍ കൂപ്പണില്‍ നിന്നും ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും അതോടപ്പം കേരളത്തെ പ്രളയകെടുതിയില്‍ നിന്ന് കരകയറ്റുന്നതിനും നവകേരളം കെട്ടിപ്പെടുക്കുന്നതിനും മുജ്തബയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സംഗീത സായാഹ്നത്തിന്‍റെ ഉദ്ഘാടനം കുവൈത്തിലെ പ്രമുഖ വ്യവസായിയും പൗര പ്രമുഖനുമായ ഇല്യാസ് അലി നിര്‍വഹിച്ചു. പരിപാടികള്‍ക്ക് മുജ്തബ ക്രിയേഷന്‍ ആൻഡ് ഇവന്‍റ്സ് അംഗങ്ങളും പ്രവര്‍ത്തകരും നേതൃത്വം നല്‍കി. പരസ്യദാതാക്കള്‍ക്കും കലാകാലന്മാര്‍ക്കുമുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ