അർജുന അദിമുത്തുവിന്‍റെ മോചനം: അഡ്വ. പി.എം.എ. സലാം ജീവസാഗറുമായി ചർച്ച നടത്തി
Tuesday, October 9, 2018 8:43 PM IST
കുവൈത്ത് സിറ്റി :മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയും നോർക്ക വെൽവെയർ ബോർഡ് ചെയർമാനുമായിരുന്ന അഡ്വ. പി.എം.എ. സലാം ഇന്ത്യൻ അംബാസഡർ ജീവസാഗറുമായി കൂടിക്കാഴ്ച നടത്തി.

കുവൈത്തിലെ ഒരു നിർമാണ കമ്പനിയിൽ തൊഴിലാളികളായിരുന്ന തമിഴ്നാട് സ്വദേശി അർജുന അദിമുത്തുവും മലപ്പുറം ജില്ലയിലെ അബ്ദുൽ വാജിദും 2013 സെപ്റ്റബർ 21 ന് താമസ സ്ഥലത്തുണ്ടായ വാക് തർക്കത്തെ തുടർന്ന് അബ്ദുൾ വാജിദ് മരണപ്പെട്ടിരുന്നു. തുടർന്ന് മൂന്ന് വർഷം കുവൈത്ത് ജയിലിൽ തടവിലായിരുന്ന അർജുന അദിമുത്തുവിനെ 2016 ൽ കുവൈത്ത് സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പു നൽകിയാൽ വധശിക്ഷയിൽ ഇളവ് ലഭിക്കുമെന്നതിനാൽ 2017 ൽ തന്‍റെ ഭർത്താവിനെ വധശിക്ഷയിൽ നിന്നു രക്ഷപ്പെടുത്താൻ അദിമുത്തുവിന്‍റെ ഭാര്യ മാലതി മരണപ്പെട്ട അബ്ദുൾ വാജിദിന്‍റെ കുടുബവുമായി ബന്ധപ്പെട്ടിരുന്നു.

30 ലക്ഷം രൂപയാണ് അവർ ദയാധനമായി ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് ലക്ഷം രൂപ മാത്രമാണ് മാലതിക്ക് സംഘടിപ്പിക്കാൻ സാധിച്ചത്. നിസഹായയായ മാലതിയും കുടുംബവും പാണക്കാട്ടെത്തി സയിദ് ഹൈദരലി ശിഹാബ് തങ്ങളെ സമീപിക്കുകയും അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം സ.യിദ് സാദിഖലി ശിഹാബ് തങ്ങളും സയിദ് മുനവറലി ശിഹാബ് തങ്ങളും ആ ദൗത്യം ഏറ്റെടടുക്കുകയുമായിരുന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ബാക്കി 25 ലക്ഷം രൂപ സ്വരൂപിക്കുകയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തിൽ മൊത്തം 30 ലക്ഷം രൂപ മരണപ്പെട്ട അബ്ദുൾ വാജിദിന്റെ കുടുംബത്തിനു കൈമാറി.

തുടർന്ന് തങ്ങളുടെ നിർദ്ദേശപ്രകാരം മുസ് ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റ് ഖാദർ മൊയ്തീനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും കൂടി കുവൈത്ത് ഭരണാധികാരികൾക്ക് സമർപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് സമർപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി മുഖേന കുവൈത്ത് അമീരി ദിവാനിന് കൈമാറിയ രേഖകളിൽമേൽ അമീറിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ അഡ്വ. പി.എം. എ. സലാം ഇക്കാര്യത്തിൽ തുടർ നടപടികൾ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യൻ അംബാസഡർ .ജീവസാഗറുമായി ചർച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിലെ കാര്യങ്ങൾ ഏകോപനം നടത്തുന്നതിനായി മുസ് ലിം ലീഗ് ദേശീയ കൗൺസിലംഗവും ലോക കേരള സഭാംഗവും മുൻ നോർക്ക ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്തിനെ പാർട്ടി അഖിലേന്ത്യാ പ്രസിഡണ്ട് ചുമതലപ്പെടുത്തിയതായ അദ്ദേഹം അറിയിച്ചു. കുവൈത്ത് കെ.എം.സി.സി. ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കലും അനുഗമിച്ചിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വറലി ശിഹാബ്തങ്ങൾ തുടങ്ങിവെച്ച അദിമുത്തുവിന്റെ മോചനം എന്ന ദൗത്യം എത്രയും പെട്ടെന്ന് സാധ്യമാകുന്നതിന് മുസ് ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് അഡ്വ.പി.എം.എ. സലാം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ