അബുദാബി അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന് വേള്‍ഡ് ഹെല്‍ത്ത്‌കെയര്‍ ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ .
Thursday, October 18, 2018 12:12 PM IST
അബുദാബി: ആതുരസേവന രംഗത്തെ മികവുറ്റ പ്രകടനം അടിസ്ഥാനമാക്കി അബുദാബിയിലെ പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ അഹല്യ മെഡിക്കല്‍ സെന്ററിനു വേള്‍ഡ് ഹെല്‍ത്ത്‌കെയര്‍ ലീഡര്‍ഷിപ്പിന്റെ മൂന്നു പുരസ്‌ക്കാരങ്ങള്‍. മുസഫയിലെ അഹല്യ ഹോസ്പിറ്റലിന് ജി.സി.സി. യിലെ ബെസ്റ്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പുരസ്‌കാരവും നേത്രരോഗപരിശോധനാ രംഗത്തെ മികവിന് അഹല്യ ഐ കെയര്‍ അബുദാബി ഹോസ്പിറ്റലിന് മികച്ച ഐ ക്ലിനിക് പുരസ്‌കാരവും ലഭിച്ചു. അഹല്യയിലെ ആയുര്‍വേദ വിഭാഗത്തിന് മികവിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

ആശുപത്രിയുടെ കഴിഞ്ഞ വര്‍ഷങ്ങളിലുള്ള പ്രവര്‍ത്തന മികവാണ് പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ കാരണമായതെന്ന് അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും എംഡിയുമായ ഡോ.വി.എസ്. ഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്രൂപ്പ് സിഇഒ വിനോദ് തമ്പി, ഡോ. ബഷീര്‍ അഹമ്മദ് ,ഡോ.ഫരീദ് അഹ്മദ് ,ഡോ .ജനാന്‍ ഹസ്സന്‍, ഡോ.വിബു ബോസ് തുടങ്ങിയവരും പങ്കെടുത്തു.

അഹല്യ മെഡിക്കല്‍ ഗ്രൂപ്പില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഡോ.വി.ആര്‍. അനില്‍ കുമാര്‍, ഡോ:കെ.കെ. മുരളീധരന്‍, ഡോ. ശകുന്തള വ്യാസ്, ഡോ.വി. ഭാസ്‌കരന്‍, ഡോ.ജോര്‍ജി അബ്രഹാം, ഡോ.ബാഷ എല്‍ദിന്‍ എന്നിവരെ ആദരിച്ചു.

അലൈന്‍, മിര്‍ഫ .ഷാര്‍ജ ഹെല്‍ത് കെയര്‍ സിറ്റി എന്നിവിടങ്ങളില്‍ അഹല്യ ഗ്രൂപ്പിന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികള്‍ ഉടനെ പ്രവര്‍ത്തനസജ്ജമാകുമെന്നും പ്രഖ്യാപിച്ചു .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള