പ്രവാസികൾക്കും സന്ദർശകർക്കും സന്തോഷവാർത്ത; യുഎഇയില്‍ പുതിയ വീസ പരിഷ്‌കാരങ്ങള്‍ 21 മുതൽ
Thursday, October 18, 2018 3:57 PM IST
അബുദാബി: പ്രവാസികൾക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഗുണകരമായ സമഗ്ര മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ള യുഎഇ വീസ പരിഷ്കരണം 21 മുതൽ പ്രാബല്യത്തിലാകും. വിസിറ്റിംഗ്, ടൂറിസ്റ്റ് വീസകളിൽ യുഎഇയിലെത്തിയവർക്ക് ഇനി രാജ്യം വിടാതെ വീസ പുതുക്കാനാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഒരു മാസത്തെ സന്ദര്‍ശക വീസയിലോ ടൂറിസ്റ്റ് വീസയിലോ യുഎഇയിൽ വന്നവര്‍ സമയപരിധി പൂര്‍ത്തിയായാല്‍ പുതിയ വീസയെടുക്കുന്നതിന് രാജ്യം വിടേണ്ടതില്ല.

ജോലി തേടിയും മറ്റ് ആവശ്യങ്ങൾക്കായും യുഎഇയിൽ എത്തിയവര്‍ നിശ്ചിത സമയപരിധി പൂർത്തിയായാൽ എക്‌സിറ്റായി പുതിയ വീസയില്‍ രാജ്യത്തേക്ക് വരേണ്ട സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. രണ്ടു തവണ രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നും ഇങ്ങനെ അപേക്ഷകർക്ക് സമയവും പണവും ലാഭിക്കാനാകുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സയീദ് റഖൻ അൽ റാഷിദി പറഞ്ഞു. പുതിയ വീസാ ഭേദഗതിക്ക് നേരത്തെ കാബിനറ്റിന്‍റെ അംഗീകാരം ലഭിച്ചിരുന്നു.

പതിനെട്ടു വയസു കഴിഞ്ഞ വിദ്യാർഥികളെ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ നിന്ന് മാറ്റണമെന്ന നിബന്ധനയിലും ഇളവ് ലഭിക്കും. കൂടാതെ, പന്ത്രണ്ടാം ക്ലാസിന് മുകളിലുള്ള വിദ്യാർഥികള്‍ക്ക് അവരുടെ യൂണിവേഴ്‌സിറ്റി പഠനകാലം അവസാനിച്ചാലും രക്ഷിതാക്കള്‍ക്കൊപ്പം രണ്ടുവര്‍ഷം കൂടി യുഎഇയില്‍ തുടരാം. കൂടാതെ, വിധവകൾക്കും വിവാഹമോചിതർക്കും അവരുടെ കുട്ടികൾക്കും വീസ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനും തീരുമാനിച്ചിട്ടുണ്ട്.