ശൈത്യകാലത്തിന്‍റെ വരവറിയിച്ച് സൗദിയിൽ മഴയെത്തി- video
Tuesday, October 23, 2018 4:12 PM IST
ദമാം: ശൈത്യകാലത്തിന്‍റെ വരവറിയിച്ച് സൗദിയിൽ വ്യാപകമായി മഴ എത്തി. സൗദിയുടെ കിഴക്കൻ പ്രവിശ്യാ ഭാഗങ്ങളിലാണ് മഴ കൂടുതലായും പെയ്തത്. ഇതിനോടൊപ്പം പൊടിക്കാറ്റും പലയിടങ്ങളിലും വീശിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഒരു മണിക്കൂറോളം മഴ നീണ്ടു നിന്നതോടെ ഗതാഗതം സ്തംഭിക്കുകയും വ്യാപാര സ്ഥാപനങ്ങളിലും മറ്റും വെള്ളം കയറുകയും ചെയ്തു.

ശനിയാഴ്ച ആരംഭിച്ച മഴ ഇനിയും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. സൗദിയിലെ ഭൗമോപരിതലത്തിന്‍റെ പ്രത്യേകത അനുസരിച്ച് വെള്ളം താഴാൻ സമയമെടുക്കും എന്നതിനാൽ കുറച്ചു സമയം മഴ പെയ്താൽതന്നെ എല്ലായിടത്തും വെള്ളത്തിന്‍റെ അളവ് ഉയരാൻ സാധ്യത ഏറെയാണ്.

മഴ ശമിക്കുന്നതോടെ ശൈത്യകാലം സൗദിയിലും മറ്റു ഗൾഫ് നാടുകളിലും ആരംഭിക്കും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ചൂട് കൂടുതൽ ആയതിനാൽ തണുപ്പും കൂടുതലാവാൻ സാധ്യത ഉള്ളതായി വർഷങ്ങളായി ഇവിടെ ജീവിക്കുന്ന പ്രവാസികൾ പറയുന്നു.



സിജോ പി. ജോൺ