"ശാസ്ത്രം മനുഷ്യ പുരോഗതിക്കും സമാധാനത്തിനും പ്രയോജനപ്പെടുത്തുക'
Saturday, November 10, 2018 4:52 PM IST
ദോഹ: ശാസ്ത്രവും സാങ്കേതിക വിദ്യയും മാനവരാശിയുടെ പുരോഗതിയുടെ അടയാളങ്ങളാണെന്നും സമൂഹത്തിന്‍റെ പുരോഗതിക്കും സമാധാനപരമായ സഹവര്‍തിത്വത്തിനുമാണ് അവ പ്രയോജനപ്പെടുത്തേണ്ടതെന്നും ടാലന്‍റ് പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യാ ഐസക് . ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ശാസ്ത്രത്തിന്‍റെ ഓരോ കണ്ടു പിടുത്തവും മാനവരാശിയുടെ നന്മക്കും പുരോഗതിക്കുമായി പ്രയോജനപ്പെടുത്തേണ്ടത് മനുഷ്യ മനസുകളാണെന്നും ഈ രംഗത്ത് ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ലോക ചരിത്രത്തിലെ ഓരോ കണ്ടുപിടുത്തങ്ങളും മനുഷ്യ ജീവിതവും അനായാസകരവും സൗകര്യ പ്രദവുമാക്കുകയാണ് വേണ്ടത്. ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങളെ വിനാശകരമായി ഉപയോഗിക്കാതിരിക്കുകയെന്നതാണ് പ്രധാനം.

രാജ്യ പുരോഗതിയും സമാധാനവും നിലനിര്‍ത്തുന്നതില്‍ ശാസ്ത്രത്തിന്‍റെ പ്രാധാന്യം തിരിച്ചറിയുകയും ശാസ്ത്രത്തെ നല്ല നിലക്ക് ഉപയോഗിക്കുവാനുളള പരിശീലനം നല്‍കുകയുമാണ് ലോക ശാസ്ത്ര ദിനം ഉദ്ദേശിക്കുന്നതെന്നും സിന്ധ്യാ ഐസക് പറഞ്ഞു.

ജസീന, നിഷാന, ഹൈഫ ഫാത്തിമ, ലിയാന എന്നിവർ സംസാരിച്ചു.