അറബിക് ഇംഗ്‌ളീഷ് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു
Sunday, November 11, 2018 2:10 PM IST
ദോഹ. ഗള്‍ഫ് മേഖലയില്‍ സ്‌പോക്കണ്‍ അറബിക് പരിശീലന രംഗത്ത് ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ സംരംഭമായ അറബിക് ഇംഗ്‌ളീഷ് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. എം.പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നല്‍കി നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി.വി. റപ്പായ് ഡിക്ഷണറിയുടെ പ്രകാശനം നിര്‍വഹിച്ചു.

ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് കെ.എം. വര്‍ഗീസ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വോര്‍സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, പ്രവാസി ക്ഷേമ നിധി ബോര്‍ഡ് മെമ്പര്‍ കെ.കെ. ശങ്കരന്‍, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, വിറ്റാമിന്‍ പാലസ് റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍ സിദ്ധീഖ്, കേരള ബിസിനസ് ഫോറം പ്രസിഡണ്ട് അബ്ദുല്ല തെരുവത്ത്, കൃതി പ്രകാശന്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.എം. ഖാന്‍, മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട് തുടങ്ങി നിവവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിദ്യാഭ്യാസ രംഗത്തെ നൂതന രീതിയനുസരിച്ചാണണ് ഡിക്ഷണറി തയ്യാറാക്കിയിരിക്കുന്നതെന്നും ഗള്‍ഫിലും നാട്ടിലുമുള്ള പഠിതാക്കള്‍ക്ക് ഏറെ സഹായകമാകുമിതെന്നും ഡോ. അമാനുല്ല പറഞ്ഞു. വാക്കുകളേക്കാള്‍ ഇമേജുകളാണ് പഠിതാക്കളുടെ മനസില്‍ വേഗത്തിലും കൂടുതല്‍ നേരവും നിലനില്‍ക്കുകയെന്നാണ് പുതിയ വിദ്യാഭ്യാസ പരീശീലകരൊക്കെ പറയുന്നത്. മാത്രമല്ല ആവശ്യം വരുമ്പോള്‍ ഓര്‍ത്തെടുക്കുവാനും ഉപയോഗിക്കുവാനും ഇമേജുകള്‍ കൂടുതല്‍ സഹായകകരമാകുമെന്നതാണ് പിക്ടോറിയല്‍ ഡിക്ഷണറി എന്ന ആശയത്തിന് പ്രേരകം. പല ഭാഷകളിലും ഇതുപോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഉണ്ടെങ്കിലും അറബി പഠിക്കുവാന്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് ഡിക്ഷണറി പ്രസിദ്ധീകരിച്ചത്.

അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മാസ്റ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി. എന്‍. ബാബുരാജന് ആദ്യ പ്രതി നല്‍കി ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസാണ് പുസ്തകം പ്രകാശനം ചെയ്തത്.