ഒമാനില്‍ നവംബര്‍ 20, 21, 22 തീയതികളില്‍ പൊതു അവധി
Monday, November 12, 2018 12:45 PM IST
മസ്‌കറ്റ്: ഒമാനില്‍ നബി ദിനവും, ദേശീയ ദിനവും പ്രമാണിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 20, 21, 22 തീയതികളില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും, ശനിയും കഴിഞ്ഞ് നവംബര്‍ 25നായിരിക്കും മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.

തൊഴില്‍ മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇതു സംബന്ധിച്ച മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്. ഒമാന്‍ ഭരണാധികാരി ഹിസ് മജസ്റ്റി സുല്‍ത്താന്‍ കാബൂസ് ബിന്‍ സായ്യിദിന്റെ ജന്മ ദിനമായ നവംബര്‍ പതിനെട്ടാണ് രാജ്യത്തിന്റെ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഒമാന്റെ നാല്‍പ്പത്തെട്ടാമത് ദേശീയ ദിനമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം