റിയാദ്: നഗരത്തെ മഴത്തുള്ളികൾ കുളിരണിയിച്ച രാവിൽ ഗസൽ മഴയും ആസ്വാദക മനസിൽ നിറഞ്ഞൊഴുകി. അന്തരിച്ച ഗസൽ ഗായകൻ ഉന്പായിയുടെ സ്മരണക്കായി നവോദയയുടെ ബത്ത യൂണിറ്റാണ് മദീന ഹൈപ്പർ മാർക്കറ്റ് ഹാളിൽ ഗസൽരാവ് സംഘടിപ്പിച്ചത്. ഉന്പായിയുടെ ശബ്ദത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ ഗസൽ ഈണങ്ങളാണ് ഓർക്കസ്ട്രയുടെ അകന്പടിയോടെ ഒരുകൂട്ടം ഗായകരുടെ സമർപ്പണമായി മഴയെ വകവയ്ക്കാതെ എത്തിച്ചേർന്ന സംഗീതാസ്വാദകരുടെ ഹൃദയത്തെ തരളിതമാക്കിയത്.
ഗിരിദാസ്, ഷംസു കളക്കര, തസ്നി, ഗാഥ, ജോമോൻ മാവേലിക്കര എന്നിവർ ഗസലുകൾ ആലപിച്ചു. തബല ബിജു, ഹാർമോണിയം ഷാനു, കീബോർഡ് ശിഹാബ് കൈപ്പുറം, റിഥം പാഡ് സന്തോഷ്, മാസി മാധവൻ എന്നിവർ ഓർക്കസ്ട്രയും നിയന്ത്രിച്ചു.
ഉന്പായിയുടെ ജീവിത ചരിത്രം വിവരിക്കുന്ന വിജയകുമാർ തയാറാക്കിയ വീഡിയോ പ്രസേൻറ്റേഷനോടെയാണ് പരിപാടി ആരംഭിച്ചത്. അനുസ്മരണ യോഗം രാജൻ നിലന്പൂർ ഉദ്ഘാടനം ചെയ്തു. നവോദയ ബത്ത യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, പ്രസിഡൻറ് ബാലകൃഷ്ണൻ, നെബു വർഗീസ്, വിനോദ് പയ്യന്നൂർ, ഹരികൃഷ്ണൻ, സക്കീർ മണ്ണാർമല, പപ്പൻ കരിവെള്ളൂർ, സുരേഷ് സോമൻ, അൻവാസ്, സൈഫുദീൻ, കുമ്മിൾ സുധീർ, നവോദയ കുടുംബവേദി കണ്‍വീനർ സുബി സുനിൽ, സലിം, സുബൈർ, ശിഹാബ് കൊട്ടുകാട്, വിപിൻ എന്നിവർ സംസാരിച്ചു.
ഗസലിന് മുൻപ് കുട്ടികളും മുതിർന്നവരും ഗാനങ്ങളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് നവോദയ യൂണിറ്റ് ഭാരവാഹികൾ ഉപഹാരങ്ങൾ വിതരണം ചെയ്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ