"അവകാശ സംരക്ഷണങ്ങള്‍ക്കായി പ്രവാചകനിലേക്ക് മടങ്ങണം'
Saturday, November 17, 2018 2:35 PM IST
ജിദ്ദ : മുസ് ലിം സമുദായത്തിന് നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുള്ള ആത്യന്തിക പരിഹാര മാര്‍ഗം പ്രവാചകന്‍ കാണിച്ചു തന്ന യഥാര്‍ഥ തിരുചര്യകളിലേക്ക് മടങ്ങലാണെന്നും പ്രവാചകനും സ്വഹാബത്തും കാണിച്ചു തന്ന യഥാര്‍ഥ മാര്‍ഗത്തിലേക്ക് മടങ്ങിക്കൊണ്ടും മാതൃകാ സമൂഹമായി നമ്മുടെ ജീവിതം മറ്റുളള സമൂഹങ്ങള്‍ക്ക് കാണിച്ചു കൊടുത്തു കൊണ്ടും നമ്മുടെ അവകാശ സംരക്ഷണങ്ങള്‍ക്കുവേണ്ടി നിലകൊള്ളമെന്ന് അല്‍ അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ) ജിദ്ദ ഘടകം ഉപദേശക സമിതി ചെയര്‍മാന്‍ ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ ഉദ്ബോധിപ്പിച്ചു.

പ്രവാചകനിലേക്ക് മടങ്ങുക, അവകാശ സംരക്ഷണങ്ങള്‍ക്കായി നിലകൊള്ളുക എന്ന പ്രമേയത്തെ ആസ്പദമാക്കി അജ് വ സംസ്ഥാന തലത്തില്‍ നടത്തുന്ന റിസാലത്തുന്നബി (സ) കാമ്പയിന്‍റെ ഭാഗമായുള്ള ജിദ്ദ മേഖല തല കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സംഘടനാ പ്രധിനിധികളായ ദിലീപ് താമരക്കുളം (പിസിഎഫ്) ഇസ്മായില്‍ ത്വാഹ (ജമാഅത്ത് ഫെഢറേഷന്‍), മുസ്തഫ പെരുവള്ളൂര്‍ (മീഡിയ ഫോറം) തുടങ്ങിയര്‍ സംസാരിച്ചു.

പരിപാടിക്ക് മുന്നോടിയായി അബ്ദുന്നാസിര്‍ മഅദനിയുടെ മാതാവ് അന്തരിച്ച അസ് മാ ബീവി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി മയ്യിത്ത് നമസ്ക്കാരവും പ്രത്യേക പ്രാര്‍ഥനയും നടന്നു.

സക്കീര്‍ ഹുസൈന്‍ അമ്പഴയില്‍, നൗഷാദ് ഓച്ചിറ, അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം,ഷഫീഖ് കാപ്പില്‍, അബ്ദുള്‍ ഗഫൂര്‍ ചെമ്മാട്, ശിഹാബുദ്ധീന്‍ കുഞ്ഞ് കൊട്ടുകാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രസിഡണ്ട് വിജാസ് ഫൈസി ചിതറ അധ്യക്ഷത വഹിച്ച സംഗമത്തില്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ ഡോക്ടര്‍ മുഹമ്മദ് ഷരീഫ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ