ദുബായ് ഹോളി ട്രിനിറ്റി മാർത്തോമ്മ ചർച്ച് അന്പതാം വാർഷികം ആഘോഷിച്ചു
Saturday, November 17, 2018 4:34 PM IST
ദുബായ്: ഹോളി ട്രിനിറ്റി മാർത്തോമ്മ ചർച്ച് അന്പതാം വാർഷികം ആഘോഷിച്ചു. നവംബർ 16ന് നടന്ന ആഘോഷ പരിപാടികൾ സഹിഷ്ണുത മന്ത്രി ഷേ‍യ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. വിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ മാതൃക സ്വീകരിച്ച മാർത്തോമ്മ ഇടവകയിലെ വിശ്വാസികൾ ദുബായ് നഗരം കെട്ടിപ്പെടുക്കുന്നതിൽ നൽകിയ സംഭാവനകൾ വളരെ വലുതാണെന്നു പറഞ്ഞു.

1969 ൽ ഒരു കൂട്ടം വിശ്വാസികൾ ചേർന്ന് ഔവർ ഓൺ ഇംഗ്ലീഷ് സ്കൂളിൽ രൂപീകരിച്ച കോൺഗ്രിഗേഷൻ, 2001 ൽ ജൂബൈലിൽ ഹോളി ട്രിനിറ്റി ചർച്ച് എന്ന പേരിൽ ഇടവകയായി ഉയർന്നു. ഇന്ന് 2400 കുടുംബങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ മാർത്തോമ്മ ഇടവകളിലൊന്നാണ് ദുബായ് മാർത്തോമ്മ ചർച്ച്.

ഇടവയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകളെ മാനിച്ച് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർത്തോമ്മ ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കിയേയും ഭാട്ടിയ ബ്രദേഴ്സ് ഗ്രൂപ്പ് ഡയറക്ടർ എം. ജോണിനേയും ചടങ്ങിൽ ആദരിച്ചു. ഇടവക മെത്രാപോലീത്ത റവ. ജോസഫ് ബർണബാസ് എപ്പിസ്കോപ്പ, മാർ അപ്രേം മൂക്കൻ, പ്രേമചന്ദ്രൻ എംപി, വികാരി റവ. സിജു ചെറിയാൻ ഫിലിപ്പ്, ഇടവക സെക്രട്ടറി വർഗീസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.