അബുദാബി മാര്‍ത്തോമാ ഇടവക കൊയ്ത്തുത്സവം ആഘോഷമായി
Sunday, November 18, 2018 12:54 PM IST
അബുദാബി : രുചി വൈവിധ്യംനിറഞ്ഞ കേരളീയ ഭക്ഷണങ്ങളുടെ നീണ്ട നിരയും ,ജനപങ്കാളിത്തവും കൊണ്ട് അബുദാബി മാര്‍ത്തോമ്മാ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം ആഘോഷപൂര്‍ണമായി. അന്‍പതിലേറെ ഭക്ഷണശാലകളിലൂടെ മലയാളക്കരയിലെ ഒട്ടു മിക്ക പ്രദേശങ്ങളില്‍ നിന്നുമുള്ള ഭക്ഷണവിഭവങ്ങള്‍ ഉത്സവനഗരിയില്‍ നിരന്നത് കൗതുകകരമായി . പതിനഞ്ചു ലൈവ് ഫുഡ് സ്റ്റാളുകളില്‍ ഗ്രില്‍ ഭക്ഷണങ്ങള്‍ അടക്കം വിവിധ വിഭവങ്ങള്‍ തത്സമയം പാചകം ചെയ്തു ചൂടോടെ വിളമ്പി. വര്‍ണ്ണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിച്ചത് . കേരളത്തിന്റെ അതിജീവനം ,ഈ യര്‍ ഓഫ് സായിദ് എന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ദൃശ്യാവിഷ്‌ക്കാരവും, കാര്‍ഷിക വിളകള്‍ നിറച്ച ഉന്തുവണ്ടിയുമായുള്ള കര്‍ഷക കുടുംബത്തിന്റെ വരവും വിളംബരയാത്രയെ ആകര്‍ഷകമാക്കി .

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ.ബാബു പി കുലത്താക്കല്‍ അധ്യക്ഷത വഹിച്ചു . എമിരേറ്റ്‌സ് ഡിഫന്‍സ് ടെക്‌നോളജി ഫിനാന്‍സ് ഡയറക്ടര്‍ ജോയ് പി സാമുവേല്‍ ഉല്‍ഘാടന കര്‍മം നിര്‍വ്വഹിച്ചു . ജോസഫ് ഹനാ അല്‍ ഷെയ്ഖ് ,രോഹിത് നായര്‍ , ഇടവക സഹവികാരി റവ . ബിജു സി പി ,ജനറല്‍ കണ്‍വീനര്‍ കെ വി ജോസഫ് ,ട്രസ്റ്റിമാരായ ബിജു പി ജോണ്‍ , സജിമോന്‍.പി ജി, സെക്രട്ടറി മാത്യു മണലൂര്‍ എന്നിവര്‍ സംസാരിച്ചു .

ടി വി ഫെയിം നിസാര്‍ കാലിക്കറ്റും സംഘവും അവതരിപ്പിച്ച സംഗീത,ഹാസ്യപരിപാടികളും , കുട്ടികളുടെ നൃത്തപരിപാടികളും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി .
കൊയ്ത്തുത്സവത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നത് . ഒഡീഷയിലെ ഉത്ക്കല്‍ , കൊല്ലം ജില്ലയിലെ ഉപ്പുകുഴി എന്നീ ഗ്രാമങ്ങളിലെ സാമൂഹ്യ ,വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ , കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയില്‍ നടത്തുന്ന സൗജന്യ ഡയാലിസിസ് പദ്ധതി , അര്‍ബുദ രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതി ,'' സേവ് എ ലിറ്റില്‍ ലൈഫ് ''എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇത്തവണത്തെ വരുമാനത്തില്‍ നല്ലൊരു പങ്ക് കേരളത്തിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങല്‍ നല്‍കാന്‍ വിനിയോഗിക്കും .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള