ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
Monday, December 3, 2018 11:16 PM IST
ഖൈത്താന്‍ (കുവൈത്ത്)L കല കുവൈത്ത് കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി ‘മഴവില്ല്-2018’ എന്ന പേരിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ നടന്ന പരിപാടി പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ ഉദ്ഘാടനം ചെയ്തു. .കല കുവൈത്ത് ആക്റ്റിംഗ് പ്രസിഡന്‍റ് പ്രസീത്‌ കരുണാകരൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഴവില്ല് ജനറൽ കൺവീനർ ടി.വി. ജയൻ, പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ. അജിത്‌ കുമാർ, ബിഇസി കൺട്രി മാനേജർ മാത്യു വർഗീസ്‌, സാൽമിയ മേഖലാ സെക്രട്ടറി പി.ആർ. കിരൺ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് കല ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു സ്വാഗതവും ട്രഷറർ രമേശ്‌ കണ്ണപുരം നന്ദിയും പറഞ്ഞു.

‘പ്രളയം, അതിജീവനം’ എന്ന വിഷയത്തിൽ തയാറാക്കിയ ഓപ്പണ്‍ കാന്‍വാസിൽ നിരവധിപേർ പങ്കാളികളായി‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌, കുവൈത്തിലെ കലാകാരന്മാരുടെ കൈത്താങ്ങായി അവർ വരച്ച 40ഓളം ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. മുഖ്യാതിഥി ഇബ്രാഹിം ബാദുഷ പരിപാടിയിൽ പങ്കെടുത്തവർക്കായി കാരിക്കേച്ചറുകൾ വരച്ചുനൽകി‌.

ഉച്ചകഴിഞ്ഞ് രണ്ടിന് കിന്‍റർ ഗാർട്ടൻ ,ഒന്നുമുതൽ നാലുവരെ (സബ് ജൂണിയർ), അഞ്ചുമുതൽ എട്ടുവരെ (ജൂണിയർ), ഒമ്പതുമുതൽ 12 വരെ (സീനിയർ) എന്നീ വിഭാഗങ്ങളിലായി ആരംഭിച്ച മത്സരങ്ങള്‍ നാലുണിയോടെ അവസാനിച്ചു. മത്സരങ്ങളില്‍ പങ്കെടുത്തവർക്ക് സര്‍ട്ടിഫിക്കറ്റ് നൽകി. മത്സര ഫലങ്ങള്‍ www.kalakuwait.com എന്ന വെബ്‌സൈറ്റിലൂടെയും മാധ്യമങ്ങള്‍ വഴിയും ഉടൻ പ്രസിദ്ധീകരിക്കും.

റിപ്പോർട്ട്:സലിം കോട്ടയിൽ