വ്യാജ റിക്രൂട്ട്‌മെന്‍റ്; രക്ഷിച്ചത് രണ്ടരലക്ഷം പ്രവാസികളെ: സുഷമ സ്വരാജ്
Wednesday, December 5, 2018 10:51 PM IST
അബുദാബി : വ്യാജ റിക്രൂട്ട്‌മെന്‍റിലൂടെ ചതിക്കപ്പെട്ട രണ്ടരലക്ഷം പ്രവാസികളെയാണ് കഴിഞ്ഞ നാലു വർഷങ്ങളിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലൂടെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി . അബുദാബി ഇന്ത്യ സോഷ്യൽ സെന്‍ററിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യാജ റിക്രൂട്ടിംഗ് ഏജൻസി നടത്തിപ്പുകാരെ പിടികൂടി ജയിലിലടയ്ക്കാൻ മുഴുവൻ സംസ്ഥാന മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് . സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറാൻ ഇന്ത്യയിൽ നിന്നെത്തുന്ന സ്ത്രീകൾക്കുള്ള സൗകര്യം പരിമിതപ്പെടുത്തണമെന്ന് യുഎഇ സർക്കാരിനോട് ആവശ്യപ്പെടാനും ആലോചിക്കുന്നുണ്ട് . സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന് ഈ മാർഗമാണ് ഇപ്പോൾ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത് . ഇ മൈഗ്രേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ തൊഴിൽ അന്വേഷകർ തയാറാകണം .

ഇന്ത്യ യു എ ഇ ബന്ധം എണ്ണയുടെ ഉത്‌പാദകരും ഉപയോക്താക്കളും തമ്മിലുള്ള ബന്ധങ്ങൾക്ക്‌ അപ്പുറത്തേക്ക് വളർന്നതായും പരസ്പര വിശ്വാസവും സഹകരണവും വ്യാപാരവും കൂടുതൽ മേഖലകളിലേക്ക് വളർന്നതായും സുഷമ സ്വരാജ് പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തിലും പരസ്‌പര സഹകരണവും സംയുക്ത പദ്ധതികളും ആരംഭിച്ചു . ഓരോ പ്രവാസി ഇന്ത്യക്കാരനും യു എ ഇ യിലെ സ്ഥിരം സ്ഥാനപതികളാണെന്നും മന്ത്രി വിശേഷിപ്പിച്ചു .

യു എ ഇ യുമായി മാത്രമല്ല എല്ലാ അറബ് രാജ്യങ്ങളുമായി ആഴത്തിലുള്ള ബന്ധങ്ങൾ സ്ഥാപിക്കാൻ ഇന്ത്യക്ക് ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട് . ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിൽനിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് അഞ്ചു ദിവസം വെടിനിർത്തൽ നടപ്പാക്കാൻ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ ദിവസവും ഏതാനും മണിക്കൂർ വെടിനിർത്തിയാണ് സൗദി സഹകരിച്ചത്. ഇന്ത്യക്കാരെ മാത്രമല്ല പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവരെയും രക്ഷിക്കാൻ ഇന്ത്യക്ക് സാധിച്ചത് ബന്ധങ്ങളിലെ ദൃഢത മൂലമാണ് . ഐഎസ് സിയിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയിട്ടാണ് സുഷമ സ്വരാജ് സമ്മേളനത്തിന് എത്തിയത് .

വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തികവിഭാഗം സെക്രട്ടറി തിരുമൂർത്തി, ജോയിന്‍റ് സെക്രട്ടറി (ഗൾഫ്) ഡോ. ടി.വി. നരേന്ദ്രപ്രസാദ്, വിദേശകാര്യവിഭാഗം ജോയിന്‍റ് സെക്രട്ടറി അപൂർവ ശ്രീവാസ്തവ , ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി, കോൺസൽ ജനറൽ വിപുൽ, ഇന്ത്യാ സോഷ്യൽ സെന്‍റർ ചെയർമാൻ എം.എ. യൂസഫലി, ഐഎസ് സി പ്രസിഡന്‍റ് രമേഷ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള