ബഹറിൻ കേരളീയ സമാജം തൊഴിൽ സംരംഭ പരിശീലന ശിൽപശാല നടത്തി
Thursday, December 6, 2018 9:17 PM IST
മനാമ: ബഹറിൻ കേരളീയ സമാജം വനിത വേദിയും നോർക ചാരിറ്റി വിംഗ്‌ ജോബ്‌ സെല്ലും സംയുക്തമായി കുടുംബിനികൾക്ക്‌ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു ആവശ്യമായ മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകുന്നതിന് ശിൽപശാല സംഘടിപ്പിച്ചു.

ബാബുരാജ്‌ ഹാളിൽ നടന്ന ശിൽപശാല സമാജം വൈസ് പ്രസിഡന്‍റ് പി.എൻ. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. നാട്ടിലെ കുടുംബശ്രീ മാതൃകയിൽ ബഹറിനിലെ പ്രവാസി മലയാളി വീട്ടമ്മമാരുടെ ഒരു കൂട്ടായ്മയാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഐടി രംഗത്തും ശാസ്‌ ത്ര സാങ്കേതിക മേഖലയിലും ഉണ്ടായിട്ടുളള പുത്തൻ പ്രവണതകൾ മനസിലാക്കി വീടുകളിൽ തന്നെ സ്വന്തമായി ചെറുകിട സ്ഥാപനങ്ങൾ ആരംഭിച്ച്‌ ഒഴിവു സമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കുവാനും തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക്‌ സ്വന്തമായി വരുമാനം നേടുന്നതിനും ആവശ്യമായ വിവരങ്ങളാണ് ശിൽപശാലയിൽ നൽകിയത്.

മുതൽ മുടക്കില്ലാത്തതും ആദായകരവുമായ ഇന്‍റനെറ്റ്‌ അധിഷ്ഠിത തൊഴിലുകളിലേക്ക്‌ എത്തിച്ചേരുവാൻ ആവശ്യമായ വെബ്‌ സൈറ്റുകളെയും ലിങ്കുകളും പരിചയപ്പെടുത്തിയ ശില്പശാലയിൽ " വെബ്‌ മീ' എന്ന സ്ഥാപനത്തിന്‍റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഹർഷ ശ്രീഹരി പരിശീലനത്തിന് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് സംശയനിവാരണത്തിന് അവസരം നൽകിയിരുന്നു.

താത്പര്യമുള്ള പുതിയ സംരഭകർക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും ഇതിനായി വാട്സ്‌ ആപ്‌ ഗ്രൂപ്പിനു തുടക്കം കുറിക്കുമെന്നും സമാജം വനിത വേദി പ്രസിഡന്‍റ് മോഹിനി തോമസ്‌ അറിയിച്ചു.

വനിത വേദി പ്രസിഡന്‍റ് മോഹിനി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രജിത അനി സ്വാഗതവും വൈസ് പ്രസിഡന്‍റ് നിമ്മി റോഷൻ നന്ദിയും പറഞ്ഞു. സമാജം ജനറൽ സെക്രട്ടറി എം.പി. രഘു, നോർക്ക - ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലിം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജോബ്സെൽ കൺവീനർ സുനിൽ തോമസ് യോഗ നടപടികൾ നിയന്ത്രിച്ചു. നോർക്ക ഹെൽപ്‌ ഡസ്‌ക്‌ കൺവീനർ രാജേഷ്‌ ചേരാവളളിയും വനിത വേദി കമ്മിറ്റി അംഗങ്ങളും ശിൽപശാലക്ക് നേതൃത്വം നൽകി.

വിവരങ്ങൾക്ക്: 39804013 , 38044694.