സമാജം-ഷിഫ നേത്ര പരിശോധനാ ക്യാമ്പ്
Saturday, December 8, 2018 4:40 PM IST
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍ററിന്‍റെ സഹകരണത്തോടെ ബഹറിന്‍ കേരളീയ സമാജം വനിതാ വേദിയും നോര്‍ക്ക ചാരിറ്റി കമ്മിറ്റിയും സംയുക്തമായി നേത്ര പരിശോധനാ ക്യാന്പ് സംഘടിപ്പിച്ചു.

ഷിഫയില്‍ നടന്ന കാന്പ് ബഹറിന്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘടാനം ചെയ്തു. ബഹറിനിലെ സാമൂഹ്യ, ജീവകാരുണ്യ മേഖലയില്‍ ഷിഫ എപ്പോഴും മുന്നിലാണെന്ന് രാധാകൃഷ്ണ പിള്ള പറഞ്ഞു. പ്രവാസി തൊഴിലാളികള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാൻ മിഡില്‍ ഈസ്റ്റില്‍ തുടക്കമിട്ടത് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. കെടി റബീയുള്ളയായിരുന്നു. അതൊരു വലിയ വിജയമായി. മറ്റു സ്വകാര്യ ആശുപത്രികള്‍ അദ്ദേഹത്തിന്‍റെ മാതൃക പിന്‍തുടരാന്‍ നിര്‍ബന്ധിതമായി. ആളുകളുടെ സാന്നിധ്യം കൊണ്ടും ചികിത്സയുടെ മികവു കൊണ്ടും സേവനത്തിന്‍റെ നിലവാരം കൊണ്ടും ഷിഫ എപ്പോഴും മുന്നിലാണ്. ചികിത്സാ ചെലവുകള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് ഇത്തരം ക്യാമ്പുകള്‍ ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിത വിഭാഗം പ്രസിഡന്‍റ് മോഹിനി തോമസ് അധ്യക്ഷത വഹിച്ചു. ഷിഫ സിഎഒ. ഹബീബ് റഹ്മാന്‍, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ബികെഎസ് ജനറൽ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡന്‍റ് മോഹന്‍രാജ്, നോര്‍ക്ക ചാരിറ്റി കമ്മിറ്റി കൺവീനർ കെ.ടി. സലീം തുടങ്ങിയവര്‍ സംസാരിച്ചു. വനിത വിഭാഗം സെക്രട്ടറി രജിത അനി സ്വാഗതവും നോർക്ക ഹെൽപ് ഡസ്ക് കൺവീനർ രാജേഷ് ചേരാവള്ളി നന്ദിയും പറഞ്ഞു. ബികെഎസ്‌ വനിത വിഭാത്തിലെയും ചാരിറ്റി നോർക്ക കമ്മിറ്റിയിലെയും അംഗങ്ങൾ നേതൃത്വം നൽകി.

രാവിലെ എട്ടിനാരംഭിച്ച ക്യാമ്പ് ഉച്ചകഴിഞ്ഞു രണ്ടു നീണ്ടു. ഷിഫ നേത്രരോഗ വിദഗ്ധരായ ഡോ. അഞ്ജലി മണിലാല്‍, ഡോ. പ്രേമലത എന്നിവര്‍ നേത്ര പരിശോധന നിര്‍വഹിച്ചു. ഒപ്‌ടോമെട്രീഷ്യന്‍മാരായ ഷഹീര്‍ മഞ്ഞപ്പള്ളി, അന്‍വര്‍, ഷബീര്‍, ഷമീല ഷബീര്‍, ഷിംന, ബിന്‍ഷി നൗഫല്‍, മുര്‍ഷിദ എന്നിവര്‍ ക്യാമ്പില്‍ കാഴ്ച പരിശോധന നടത്തി. പങ്കെടുത്തവര്‍ക്ക് സൗജന്യമായി ഷുഗര്‍, ബിപി പരിശോധനയും സൗജന്യമായി കണ്ണട ഫ്രെയിമും ലഭ്യമാക്കി.

റിപ്പോർട്ട്: സുനിൽ തോമസ്