കുറ്റകൃത്യം തടയാന്‍ രാജ്യത്ത് ആറായിരം നിരീക്ഷണ കാമറകള്‍
Saturday, December 8, 2018 5:31 PM IST
കുവൈത്ത് സിറ്റി : രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും വിവധ പ്രദേശങ്ങളിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി അഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ആറായിരത്തോളം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജറയുടെ നേത്രുത്വത്തിലുള്ള സംഘം ഇന്‍ഫോര്‍മേഷന്‍ കേന്ദ്രത്തില്‍ ( ഐസിറ്റി) എത്തിയിരുന്നു. ഐസിറ്റി ചുമതലയുള്ള അഭ്യന്തര അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് മിശാല്‍ ജാബിര്‍ അല്‍ അബ്ദുളള മന്ത്രി സംഘത്തെ സ്വീകരിച്ചു. കുവൈത്തിൽ കരമാർഗമുള്ള എല്ലാ അതിർത്തി കവാടങ്ങളിലും പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയും ഇതോടപ്പം പൂര്‍ത്തിയായിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലെ രജിസ്ട്രേഷൻ കൗണ്ടറുകൾ, വാഹനങ്ങളുടെ സ്ക്രീനിംഗ് മേഖല, കേന്ദ്ര പരിശോധന ഹാൾ ഉൾപ്പെടെ എല്ലാ ഇടങ്ങളും സിസിടിവി കാമറ പരിധിക്കുള്ളിലായിട്ടുണ്ടന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം നിരോധിത വസ്തുക്കളുടെ ഇറക്കുമതിയും കടത്തും കർശനമായി നിരീക്ഷിക്കുവാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ