വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം നെടുമുടി വേണുവിന് സമ്മാനിച്ചു
Sunday, December 9, 2018 10:08 PM IST
ഫഹാഹീൽ : ജനത കൾചറൽ സെന്‍റർ കുവൈത്തിന്‍റെ എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം മലയാളത്തിലെ അനശ്വര കലാകാരൻ നെടുമുടി വേണുവിന് മംഗഫ് നജാത്ത് സ്കൂളിൽ നടന്ന പരിപാടിയിൽ സമ്മാനിച്ചു. അവാർഡ് ദാന ചടങ്ങ് എം.വി. ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്തു.

ലജ്ജ തോന്നുന്ന സാമൂഹിക വിഷയങ്ങളാണ് നാട്ടിൽ നടക്കുന്നതെന്നും സമൂഹം പിന്നോട്ടാണ് വ്യതിചലിക്കുന്നതെന്നും ചലച്ചിത്ര താരങ്ങളുടെ മെഗാമേള നടക്കുന്ന സമയത്ത് അത് ഒഴിവാക്കി ഇവിടെയെത്തിയത് മനുഷ്യസ്നേഹത്തിന്‍റെ മഹാമാതൃകയായ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പേരിലുള്ള പുരസ്കാരം ഏറ്റു വാങ്ങുന്നതിലുള്ള സന്തോഷവും അഭിമാനവും കൊണ്ടാണെന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിച്ച നെടുമുടിവേണു പറഞ്ഞു.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രണ്‍വീർ സാരഥി മുഖ്യാതിഥിയായി. ഷെയ്ഖ് പി. ഹാരിസ്, ഷംഷാദ് റഹീം, ഖലീൽ, മധു എടമറ്റം, സാം പൈനുംമൂട്, ബി.എസ്. പിള്ള എന്നിവർ സംസാരിച്ചു. അയ്യൂബ് കച്ചേരി നെടുമുടി വേണുവിന് പുരസ്കാര തുകയുടെ ഡിഡി കൈമാറി. കുവൈത്ത് എ ഡിവിഷൻ ക്രിക്കറ്റ്ലീഗ് കളിച്ച് മികച്ച വിജയം കൈവരിച്ച മലയാളികളുടെ ക്ലബായ ആെർട്ടക് കുവൈത്തിന് നെടുമുടി വേണു ഉപഹാരം നൽകി. പരിപാടിയോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി നടത്തിയ ചെറുകഥ മത്സര വിജയികൾക്കും അദ്ദേഹം ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ