ബുക് ടെസ്റ്റ് രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ 21 ന്
Tuesday, December 11, 2018 3:05 PM IST
മനാമ: പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലും ഗ്ലോബല്‍ അടിസ്ഥാനത്തിലും നടത്തുന്ന പതിനൊന്നാമത് ബുക് ടെസ്റ്റ് രണ്ടാംഘട്ട പരീക്ഷ ഡിസംബര്‍ 21 ന് നടക്കും.

തിരുനബിയുടെ ജീവിത ചരിത്രത്തിലെ സുപ്രധാന സംഭവമായ ഹിജ്‌റയുടെ പശ്ചാത്തലവും വര്‍ത്തമാനവും ഏറെ ലളിതവും ഗഹനവുമായി അവതരിപ്പിച്ച മലയാളത്തിലെ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സി.പി.ശഫീഖ് ബുഖാരിയുടെ 'തിരുനബിയുടെ പാലായനം, എന്ന പുസ്തകമാണ് ഇത്തവണ ആസ്പദിക്കുന്നത്.

പന്ത്രണ്ടു ദിനം നീണ്ടു നിന്ന ഒരു ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി ക്കുറിച്ച സംഭവമായിരുന്നു തിരുനബിയുടെ പാലായനം. ദൃഢമായ വിശ്വാസത്തിന്റെയും തിരു സ്‌നേഹത്തിന്റെയും ഉത്തമമാതൃകകളുടെയും നേതൃപാഠങ്ങളുടെയും അനേകം ഉദാഹരണങ്ങള്‍ ഗ്രന്ഥകാരന്‍ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഡിസംബര്‍ 14 നകം ഓണ്‍ലൈനില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തിയവരില്‍ നിശ്ചിത ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് രണ്ടാം ഘട്ട പരീക്ഷയ്ക്ക് അവസരം ലഭിക്കുന്നത്. പരീക്ഷയിലെ ഉന്നത വിജയികള്‍ക്ക് ഗള്‍ഫ് തലത്തിലും നാഷനല്‍ തലത്തിലും ഒട്ടനവധി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ കാലയളവില്‍ പുസ്തകം സൗജന്യ വിലയ്ക്ക് ആര്‍.എസ്.സി. യൂനിറ്റ് ഘടകങ്ങള്‍ വഴി ലഭിക്കുന്നതാണ്. പുസ്തകത്തിന്റെ ഓണ്‍ലൈന്‍ വായനക്കായി http://www.booketnry.rsconline.org/bookenquiry.aspx എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.