കെകെഎംഎ കുടുംബക്ഷേമ നിധി ശനിയാഴ്ച കോഴിക്കോട് വിതരണം ചെയ്യും
Friday, December 14, 2018 2:30 PM IST
കുവൈറ്റ് സിറ്റി : കെകെഎംഎ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കുന്ന പദ്ധതിയായ കെകെഎംഎ കുടുംബ സംരക്ഷണ നിധിയില്‍ നിന്നും ഒരു കോടിയിലേറെ രൂപ ശനിയാഴ്ച കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ വെച്ച് വിതരണം ചെയ്യും . കഴിഞ്ഞ ഏതാനും മാസത്തിനിടയില്‍ മരിച്ച 12 പേരുടെ കുടുംബങ്ങള്‍ക്കു ആദ്യ ഗഡുവായി എട്ടു ലക്ഷം രൂപ വീതവും , കഴിഞ്ഞ വര്‍ഷം മരണപ്പെടുകയും ആദ്യ ഗഡു എട്ടര ലക്ഷം രൂപ നേരത്തെ നല്‍കുകയും ചെയ്ത 5 കുടുംബങ്ങള്‍ക്ക് രണ്ടാം ഗഡുവായി ഒരു ലക്ഷം രൂപയും ,അതിനു മുന്‍പുള്ള 10 കുടുംബങ്ങള്‍ക്ക് മൂന്നാം ഗഡുവായി ആറായിരം രൂപ വീതവും നല്‍കും .

ഒരു കെ കെ എം എ അംഗം മരണപെടുമ്പോള്‍ അവന്റെ കുടുംബത്തെ സഹായിക്കാന്‍ 17000 ലേറെയുള്ള കെ കെ എം എ അംഗങ്ങള്‍ നല്‍കുന്ന നിശ്ചിത തുകയിലൂടെയാണ് കുടുംബ ക്ഷേമ നിധി സമാഹരികുന്നത്. മുന്‍കാലത്തു വിടപറഞ്ഞ 127 പേരുടെ കുടുംബങ്ങള്‍ക്കായി എട്ടു കോടി മുപ്പത്തിയഞ്ചു ലക്ഷത്തില്‍പരം രൂപ നേരത്തെ വിതരണം ചെയ്തിരുന്നു .ഇപ്പോള്‍ നല്കുന്നതുകൂടിചേര്‍ത്തു കുടുംബ ക്ഷേമ നിധി ഒന്‍പതുകോടി മുപ്പത്തിയാറുലക്ഷത്തി എഴുപത്തെട്ടായിരം രൂപ കവിയുന്നു. മരണപ്പെടുന്ന അംഗത്തിന്റെ മക്കളുടെ 12 ആം ക്ലാസ്സുവരെയുള്ള വിദ്യാഭാസവും സംഘടന ഉറപ്പുവരുത്തുന്നു.ഇത് കൂടാതെ സൗജന്യ കുടിവെള്ള പദ്ധതി , പാവങ്ങള്‍ക് വീട് , ചികിത്സാ സഹായം , കിഡ്‌നി ഡയാലിസിസ് സെന്റര് , മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക് സ്‌കോളര്‍ഷിപ് തുടങ്ങിയ സാമൂഹ്യ പദ്ധതികളും കെകെഎംഎ നിരന്തരം നടത്തിവരുന്നു.

കോഴിക്കോട് ചെറൂട്ടി റോഡിലെ എംഎസ്എസ് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാവിലെ ഒന്‍പതിന് നടക്കുന്ന കുടുംബ ക്ഷേമ നിധി വിതരണപരിപാടി കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമൈലുല്ലലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും . കെകെഎംഎ മുഖ്യ രക്ഷാധികാരി കെ സിദ്ധീഖ് അദ്യക്ഷത വഹിക്കും. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും.

കേരള സംസ്ഥാന ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ , കെ കെ എം എ ചെയര്‍മാന്‍ എന്‍ എ മുനീര്‍ , സി പി സൈദലവി , ടി പി ചെറൂപ്പ , ഹംസ ആലുങ്ങല്‍ , കെ പി കുഞ്ഞിമൂസ , പി കെ മുഹമ്മദ് , പി കെ ജമാല്‍ , ഹസ്സന്‍ തിക്കോടി, കെ കെ എം എ കേന്ദ്ര സംസ്ഥാന നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍