ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ മേ​ള
Thursday, January 10, 2019 5:17 PM IST
സാല്‍മിയ (കുവൈത്ത്) : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. ജനുവരി 11, 12 (വെള്ളി, ശനി) തീയതികളിൽ സാൽമിയയിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ ബ്രാഞ്ച് അങ്കണത്തിലാണ് പരിപാടി.

രാവിലെ 8.30ന് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ കുവൈത്തിലെ മലേഷ്യൻ അംബാസഡർ ദത്തോ മുഹമ്മദ് അലി വിശിഷ്ടാതിഥിയാവും. ഒരുവർഷം നീളുന്ന ഡയമണ്ട് ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളിലെ ആദ്യത്തേതാണ് ഉന്നതവിദ്യാഭ്യാസ മേള. ഇന്ത്യയിലെ പ്രമുഖ സർവകലാശാലകൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, കാനഡ, മലേഷ്യ, ജോർജിയ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള 40ലേറെ പ്രമുഖ സർവകലാശാലകൾ മേളയിൽ സംബന്ധിക്കുന്നുണ്ട്.

കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമൻ മുഖ്യാതിഥിയായി പങ്കെടുത്ത് കരിയർ ഗൈഡൻസ് സെമിനാറുകളും സംഘടിപ്പിക്കും. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി 11ന് രാവിലെ 9.30നും ഉച്ചകഴിഞ്ഞു രണ്ടിനും വൈകുന്നേരം 4.30നും കരിയർ ഗൈഡൻസ് ക്ലാസുണ്ടാവും.

12 ന് രാവിലെ ഒമ്പതിനും 11.30നും 2.30നും 11, 12 ക്ലാസുകളിലെ കുട്ടികൾക്കായി സെമിനാർ നടത്തുന്നു. ഡോ. പി.ആർ. വെങ്കിട്ടരാമൻ സെമിനാർ നയിക്കും. www.icsk-kw.com/edufair എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്ത കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സെമിനാറിൽ പങ്കെടുക്കാം.

പരിപാടിയുടെ ഭാഗമായി നേരേത്ത ഇന്ത്യൻ സ്കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി അഭിരുചി പരിശോധന നടത്തിയിരുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 13,14, 15 തീയതികളിൽ രാവിലെ മുതൽ വൈകുന്നേരം വരെ സീനിയർ ബ്രാഞ്ചിൽ കൗൺസലിംഗ് സൗകര്യമുണ്ടാവും. ഇന്ത്യയിൽനിന്നുള്ള പ്രമുഖ കൗൺസലർമാർ സംബന്ധിക്കും.

വാർത്തസമ്മേളനത്തിൽ ഇന്ത്യൻ കമ്യൂണിറ്റി സീനിയർ ബ്രാഞ്ച് പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ, ചെയർമാൻ ഷെയ്ഖ് അബ്ദുറഹ്മാൻ, സെക്രട്ടറി അമീർ മുഹമ്മദ്, വൈസ് ചെയർമാൻ വിനുകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. സാം ടി. കുരുവിള, ഡെപ്യൂട്ടി വൈസ് പ്രിൻസിപ്പൽ മിനി സൂസൻ രാജേഷ്, പ്രോജക്ട് ഡയറക്ടർ മിനി ഷാജി ജോസഫ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ