ദുബായ് മാളിനേയും മറീന മാളിനേയും ബന്ധിപ്പിച്ച് പുതിയ ഫെറി സർവീസ്
Thursday, January 10, 2019 8:24 PM IST
ദുബായ്: വിനോദ സഞ്ചാരികൾക്കായി ദുബായ് മാളിനേയും മറീന മാളിനേയും ബന്ധിപ്പിച്ച് പുതിയ ഫെറി സർവീസ് ആരംഭിച്ചു. ഡൗൺടൗൺ, ദുബായ് മറീന, എന്നിവിടങ്ങൾ സന്ദർശിക്കുന്നവർക്കും എമാറിലെ താമസക്കാർക്കും ഏറെ പ്രയോജന പ്രദമാണ് പുതിയ സർവീസ്.

ഒരു മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. പാം ഐലൻഡ്, ഷെയ്ഖ് സായിദ് റോഡ്, ദുബായ് കനാൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദുബായ് മറീന മാളിന് പിന്നിലുള്ള ഫെറി സ്റ്റേഷനിലാണ് യാത്ര അവസാനിക്കുക. അൽ വജേ, അൽ മേയ സ്റ്റേഷനുകളിൽ നിന്ന് ദുബായ് മാളിലേക്ക് ഷട്ടിൽ സർവീസും ഉണ്ടാകും.

മുതിർന്നവർക്ക് 68.25 ദിർഹവും അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർക്ക് 52.5 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ബുർജ് ഖലീഫ, അറ്റ് ദ് ടോപ്പ്, ദുബായ് മാൾ, മറീന മാൾ എന്നിവടങ്ങളിൽ നിന്നും www.burjkhalifa.ae എന്ന സൈറ്റിൽ നിന്നും ടിക്കറ്റ് വാങ്ങാം.