മൃതദേഹ നിരക്ക്: യാത്രാ സമിതി എയർ ഇന്ത്യ മാനേജ്മെന്‍റുമായി ചർച്ച നടത്തി
Friday, January 11, 2019 5:22 PM IST
മനാമ: ബഹറിൻ പ്രവാസികളുടെ വിവിധ യാത്രാ ആവശ്യങ്ങൾ ഉന്നയിച്ചു യാത്രാ അവകാശ സംരക്ഷണ സമിതി, ബഹറിൻ എയർ ഇന്ത്യ കൺട്രി മാനേജർ സാക്കത്ത് സരൺ, സെയിൽസ് മാനേജർ നാരായണ മേനോൻ എന്നുവരുമായി കൂടിക്കാഴ്ച നടത്തി.

കണ്ണൂർ വിമാനത്താവളത്തിലേക്ക് ഈ വരുന്ന വേനൽ കാലം മുതൽ ബഹറിനിൽനിന്നും നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങുന്നതിനുള്ള അംഗീകാരം ഉടനെ ഉണ്ടാകുന്നമെന്ന് ഭാരവാഹികളോട് എയർ ഇന്ത്യ കൺട്രി മാനേജർ അറിയിച്ചു.

മൃതദേഹം കൊണ്ട് പോകുന്നതിനു യുഎഇയിലെ അടിസ്ഥാന നിരക്കിന് തുല്യമായ 150 ദിനാർ ആക്കണമെന്ന് യാത്ര സമിതിയുടെ അഭ്യർഥന എയർ ഇന്ത്യ മാനേജ്മെന്‍റിനെ അറിയിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. ബഹറിനിൽനിന്നും ഇപ്പോൾ പ്രഖ്യാപിച്ച നിരക്ക് 225 ദിനാർ ആണ്. ഇതിന്‍റെ കൂടെ മറ്റ് ടാക്‌സുകൾ കൂടി വരുമ്പോൾ നിരക്കിൽ കാര്യമായ കുറവു വരുന്നില്ലെന്ന് യാത്രാ സമിതി ചർച്ചയിൽ ചൂണ്ടിക്കാട്ടി. വീസ മെസേജ് ഓൺലൈൻ വഴി ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും യാത്ര സമിതി എയർ ഇന്ത്യ മാനേജ്‌മെന്‍റിനോട് അഭ്യർഥിച്ചു. തിരുവനന്തപുരത്തേക്ക്. ബഹറിനിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനഃസ്ഥാപിക്കുന്നത്തിനുള്ള സാധ്യതയും ചർച്ചയിൽ ഉയർന്നുവന്നു.

യാത്ര സമിതി ഉപദേശക സമിതി അംഗം കെ.ടി. സലിം, ജനറൽ കൺവീനർ അജി ഭാസി, ട്രഷറർ സുനിൽ തോമസ്, കോഓർഡിനേറ്റർ ബദറുദ്ദീൻ പൂവാർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.