ബോഷര്‍ ഇന്ത്യൻ സ്കൂൾ അടുത്ത അധ്യയന വർഷം മുതൽ
Saturday, January 19, 2019 5:00 PM IST
മസ്കറ്റ്: ബോഷര്‍ ഇന്ത്യൻ സ്കൂൾ അടുത്ത അധ്യയന വർഷം മുതൽ പ്രവർത്തനമാരംഭിക്കും. അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യങ്ങളും, വിശാലമായ കളിസ്ഥലം, സ്വിമ്മിംഗ് പൂൾ, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം തുടങ്ങിയ നിരവധി പ്രത്യേകതകൾ അൽ അൻസാബിനുണ്ട്. ഒമാൻ സർക്കാർ നൽകിയ ഭൂമിയിലാണ് ഇന്ത്യൻ സ്കൂൾ നിർമിച്ചിരിക്കുന്നത്.

ഏറെ വർഷങ്ങൾക്കു മുമ്പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച സ്കൂൾ, നിരവധി കടമ്പകൾ കടന്നാണ് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. നിലവിൽ ഇവിടെ 4000 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്. സ്കൂൾ തുറക്കുന്നതോടെ ഇന്ത്യൻ സ്കൂളുകളിലെ ഷിഫ്റ്റുകൾ പൂർണമായി നിർത്തലാക്കും. ഇന്ത്യൻ സ്കൂൾ മസ്കറ്റ്, ദാർസൈറ്റ്, വാദീ കബീർ, മൊബേല, സീബ് എന്നിവിടങ്ങളിലാണ് നിലവിൽ ഷിഫ്റ്റ് സമ്പ്രദായം നിലവിലുള്ളത്.

2019 -2020 അധ്യയന വര്‍ഷത്തേയ്ക്കുള്ള ഇന്ത്യൻ സ്‌കൂൾ ഓൺലൈൻ അഡ്മിഷന്‍ ചൊവ്വാഴ്ച ആരംഭിക്കും. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനാണ് ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമുള്ളത്.

പുതിയ ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒഴികെയുള്ള സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയാണ് ഓണ്‍ലൈന്‍ വഴി അഡ്മിഷന്‍ നല്‍കുന്നത്. ബോഷര്‍ സ്‌കൂളില്‍ കെജി മുതല്‍ ഏഴാം ക്ലാസ് വരെയും അപേക്ഷ സ്വീകരിക്കും.

വിവരങ്ങൾക്ക്: www.indianschoolsoman. com

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം