റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അക്കാദമി സ്ഥാപിക്കുന്ന കാര്യം ആലോചനയിൽ വർഗീസ് കുര്യൻ
Saturday, February 16, 2019 9:42 PM IST
ദുബായ്: കേരളത്തിൽ റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അക്കാദമി സ്ഥാപിക്കുന്ന കാര്യം ആലോചനയിലെന്ന് വികെഎൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ പറഞ്ഞു. ലോക കേരളാ സഭാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന തൊഴിൽ മേഖലാ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവിയിൽ ഈ ശാഖകളിലായിരിക്കും സാധ്യത കൂടുതലെന്ന് ക്ലാസെടുത്ത മക്കിൻസിയുടെ ദുബായ് ഓഫീസിലെ ഡിജിറ്റൽ പാർട്ണർ വിനയ് ചന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ സ്കൂളുകളിൽ ഇതിനുള്ള സൗകര്യം ഒരുക്കാനുള്ള സന്നദ്ധത ലോക കേരളാ സഭാ സമ്മേളനത്തിൽ ‌അംഗങ്ങൾ ചർച്ച ചെയ്തതിനെ തുടർന്നാണ് കേരളത്തിൽ അക്കാദമി സ്ഥാപിക്കുന്ന കാര്യം വികെഎൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ മുന്നോട്ടു വച്ചത് ശ്രദ്ധേയമായി.

എല്ലാ പ്രവാസി മലയാളികൾക്കും സാമൂഹ്യ സംഘടനകൾക്കും മാതൃകയാക്കാവുന്ന വിശാലമായ സംവിധാനമാണ് ലോക കേരള സഭ എന്ന് ബഹറിനിൽ നിന്നുള്ള ലോക കേരളാ സഭാ അംഗം കൂടിയായ ഡോ. വർഗീസ് കുര്യൻ പറഞ്ഞു.

പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ലോക കേരള സഭ സമ്മേളനം വഴി കൂടുതൽ നിക്ഷേപവും തൊഴിൽ അവസരങ്ങളും കേരളത്തിന്‍റെ പുനർ നിർമാണത്തിന് സഹായകമാകുമെന്ന് വർഗീസ് കുര്യൻ പറഞ്ഞു.