കുവൈത്ത് കേരള ഇസ്‌ലാഹി സെന്‍ററിന് പുതിയ നേതൃത്വം
Monday, February 18, 2019 9:40 PM IST
കുവൈത്ത്: കുവൈത്ത് കേരള ഇസ്‌ലാഹി സെന്‍ററിന് പുതിയ നേതൃത്വം. ഖുർതുബ ഇഹ്'യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ ചേർന്ന കേന്ദ്രകൗൺസിൽ യോഗത്തില് 10 അംഗ കേന്ദ്ര സെക്രട്ടറേറ്റിനെ തെരഞ്ഞെടുത്തു. ഭാരവാഹികൾ പി.എൻ. അബ്ദുല്ലത്തീഫ് മദനി (പ്രസിഡന്‍റ്), സുനാഷ് ശുകൂർ (ജനറൽ സെക്രട്ടറി), കെ.സി. അബ്ദുല്ലത്തീഫ് (ട്രഷറർ) എന്നിവരേയും വൈസ് പ്രസിഡൻറ്: സി.പി. അബ്ദുൽ അസീസ് (ഉംറ, പബ്ലികേഷൻ), സെക്രട്ടറിമാർ: സകീർ കൊയിലാണ്ടി (ദഅവ), മഹാബൂബ് കാപ്പാട് (വിദ്യാഭ്യാസം), ഹാറൂന് അബ്ദുല് അസീസ് (സാമൂഹ്യക്ഷേമം), സമീര് എകരൂല് (ക്യൂ.എഛ്.എല്.സി), അബ്ദുസ്സലാം എന്.കെ (പബ്ലിക് റിലേഷന്, പബ്ലിസിറ്റി), ഇംതിയാസ് എൻ.എം (ക്രിയേറ്റിവിറ്റി, ഐ.ടി).

മുദാർ കണ്ണ്, മുജീബുറഹ്'മാൻ എൻ.സി, അൻവർ കാളികാവ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന 2018 കേന്ദ്രകൗൺസിൽ  സമാപനയോഗം പിന്നിട്ടവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. സുനാഷ് ശുകൂർ വാർഷിക പ്രവർത്തന റിപ്പോർട്ടും കെ.സി. അബ്ദുല്ലത്തീഫ് സാമ്പത്തിക റിപ്പോർട്ടും റശീദ് പെരുമ്പിലാവ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.

ചതുർദിന ഇസ്'ലാമിക് കോൺഫറൻസ്, ഫോക്കസ് പ്രഫഷണൽ മീറ്റ്, ദഅവ വർക് ഷോപ്പുകള്, സ്ട്രീറ്റ് ദഅവ, തർബിയത് കേമ്പുകൾ, ഇഫ്താർ സംഗമങ്ങൾ, ഖുർആൻ വിജ്ഞാന പരീക്ഷകൾ, ഖുർആൻ പഠനസൗകര്യത്തിന്നായി ആരംഭിച്ച www.ayaathqhlc.com വെബ് സൈറ്റ്, അറബി പഠന കോഴ്സ്, അധ്യാപക ശില്പശാല എന്നിവ കഴിഞ്ഞ വർഷത്തെ പ്രധാന വൈജ്ഞാനിക പരിപാടികളില് പെടുന്നു. കുവൈത്തിന്റെ വിവധ ഭാഗങ്ങളിലായി 12 മലയാളഖുതുബകളും 60 ലേറെ പ്രതിവാര പഠനവേദികളും നടത്തി വരുന്നു. 

സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പതിനഞ്ചായിരം ദിനാർ ചെലവിട്ടു. സകാത് സെൽ മുഖേന മുന്നൂറോളം അപേക്ഷകളിൽ ചികിത്സാ ഭവനനിർമാണ ധനസഹായം നൽകി. 11 പേർക്ക് സ്നേഹസ്പർശം സ്വയംതൊഴിൽ പദ്ധതിയിലും, 40 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായും സഹായം നൽകി. കേരളത്തിൽ നിരാലംബ കുടുംബങ്ങൾക്ക് പ്രതിമാസ അലവൻസ് നൽകുന്ന മർഹമ ഫാമിലി കെയർ,  കുവൈത്തിൽ അർഹരായ ആളുകൾക്ക് വൈദ്യസഹായം നൽകുന്ന കെ.കെ.ഐ.സി. മെഡികെയർ പദ്ധതികൾക്ക് ഈ വർഷം തുടക്കം കുറിച്ചു. കബദിലെ ഫാം തൊഴിലാളികൾക്കു വേണ്ടി സൗജന്യ മെഡിക്കൽ കേമ്പും, കുവൈത്ത് ബ്ലഡ് ബേങ്കുമായി സഹകരിച്ച് രക്തദാന കേമ്പും സംഘടിപ്പിച്ചു. വിവിധ ആശുപത്രികളിൽ നിരവധി പാവപ്പെട്ട രോഗികൾക്ക് സാമ്പത്തിക സഹായവും സാന്ത്വനവും നൽകി.

സെൻററിനു കീഴിലെ അഞ്ച് മദ്‌റസകളിലും 3 തുടർപഠന കേന്ദ്രങ്ങളിലുമായി 650ലധികം കുട്ടികൾ പഠിക്കുന്നു. ടീനേജ് കുട്ടികൾക്കു വേണ്ടി ഇസ്ക്കോൺ വിദ്യാർത്ഥി സമ്മേളനവും ഇൻസ്പെയർ റസിഡൻഷ്യൽ കേമ്പും സംഘടിപ്പിച്ചു.

പ്രസിഡന്‍റ് പി.എൻ, അബ്ദുല്ലത്തീഫ് മദനിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ജനറല് സെക്രട്ടറി സുനാഷ് ശുകൂര് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സ്വാലിഹ് സുബൈര് നന്ദിയും പറഞ്ഞു. വിസ്ഡം വിദ്യാഭ്യാസ സമിതി അംഗം സമീര് നദ് വി ഉദ്ബോധനം നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ