വീഡിയോ ആല്‍ബം റിലീസിംഗും ഖവാലി രാവും 21 ന്
Tuesday, February 19, 2019 11:16 PM IST
അബാസിയ (കുവൈത്ത്) : ദേശീയ വിമോചന ദിനാഘോഷിക്കുന്ന കുവൈത്തിന് ആദരവുമായി മുജ്തബ ക്രിയേഷന്‍റെ നേതൃത്വത്തില്‍ വീഡിയോ ആല്‍ബം പുറത്തിറങ്ങുന്നു. കുവൈത്ത് അമീറിന് ഉപഹാരമെന്ന ശീര്‍ഷകത്തില്‍ നിര്‍മിച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ആശല്‍ അമീറും "മബ്റൂക്ക് യാ' കുവൈത്ത് രണ്ടാം ഭാഗവുമാണ് ഫെബ്രുവരി 21 ന് (വ്യാഴം) വൈകീട്ട് ആറിന് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുന്നത്.

കുവൈത്തിലെ പ്രശ്തരായ ഗായകരും കലാ പ്രതിഭകളും സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇരുന്നിലേറെ ഇന്ത്യക്കാരും ആല്‍ബത്തില്‍ അണിനിരക്കുന്നു. ദേശസ്നേഹമാണ് ആല്‍ബത്തിന്‍റെ വിഷയം. നിരവധി കലാകാരന്മാരെ ഉപയോഗിച്ച് മൂന്നു ഭാഷയിൽ രചിച്ച് ഒരൊറ്റ ഷോട്ടിൽ ചിത്രീകരിച്ച "മബ്റൂക്ക് യാ' കുവൈത്തിന്‍റെ ഒന്നാം ഭാഗത്തിന് സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ആല്‍ബം റിലീസിംഗിന്‍റെ ഭാഗമായി ഷാഫി കൊല്ലത്തിന്‍റെയും സിയാഹുല്‍ ഹഖിന്‍റെയും നേതൃത്വത്തില്‍ ഗസല്‍ - ഖവാലി സന്ധ്യയും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ