ജുബൈലിൽ ഒഐസിസി യൂത്ത് വിംഗിന്‍റെ പ്രതിഷേധസംഗമം
Wednesday, February 20, 2019 11:28 PM IST
ജുബൈൽ(ദമാം): കാസർഗോട്ടെ യൂത്ത് കോൺഗ്രസ് പ്രവത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ രാഷ്ട്രീയ കൊലപാതകത്തിനെതിരെ ഒഐസി സി ജുബൈൽ ഏരിയ കമ്മിറ്റി യൂത്ത് വിംഗ് പ്രതിഷേധ സംഗമവും ജ്വാലയും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഒഐസിസി ദമാം റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം ഉദ്ഘാടനം ചെയ്തു.

ആശയങ്ങൾ കൊണ്ട് പോരാട്ടം സാധിക്കാതെ വരുമ്പോൾ എതിരാളികളെ വെട്ടിക്കൊലപ്പെടുത്തുന്ന കിരാത രാഷ്ട്രീയം അത്യന്തം ക്രൂരവും അപലപനീയവുമാണ്. സിപി എമ്മിന്‍റെ കൊലപാതക രാഷ്ട്രീയം ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാണ്. സിപിഎം നേതാക്കന്മാർ പരസ്യമായി നടത്തുന്ന പ്രോത്സാഹനമാണ് ഈ കൊലക്കത്തി രാഷ്ട്രീയത്തിന് പ്രേരണ നൽകുന്നത്. ശുഹൈബിന്‍റെ കൊലപാതകത്തിന്‍റെ ഓർമകൾ ജനങ്ങളുടെ മനസിൽ നിന്ന് മായുന്നതിന് മുന്നേയാണ് ഈ ആരും കൊല സിപിഎം നടത്തിയത് . ഇതിനെതിരെ ശക്തമായ ജനാതിപത്യ മുന്നേറ്റം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ശിഹാബ് കായംകുളം പറഞ്ഞു.

യൂത്ത് വിംഗ് ജുബൈൽ ഏരിയ കമ്മിറ്റി പ്രസിഡന്‍റ് ഉസ്മാൻ കുന്നംകുളം അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് റീജണൽ കമ്മിറ്റി പ്രസിഡന്‍റ് നബീൽ നെയ്തല്ലൂർ, ജനറൽ സെക്രട്ടറി കിച്ചു കായംകുളം, അഡ്വ.ആന്‍റണി, നസീർ തുണ്ടിൽ, അജ്മൽ താഹ കോയ, അനിൽ കുമാർ കണ്ണൂർ, സലിം വെളിയത്ത്, ഷമീം, അൻസാരി, കമറുദ്ദീൻ കണ്ണൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൻഷാദ് ആദം സ്വാഗതവും ട്രഷറർ റിനു മാത്യു നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം