പുൽവാമ ആക്രമണം; തുല്യതയില്ലാത്ത ക്രൂരത : സൗദി കോഴിക്കോട് ജില്ല ഐഎംസിസി
Thursday, February 21, 2019 8:27 PM IST
ജിദ്ദ: കാഷ്മീരിൽ 40 ഓളം സിആർപിഎഫ് ഭടൻമാരുടെ ചാവേർ കൊലപാതകം തുല്യതയില്ലാത്ത ക്രൂരതയാണെന്ന് സൗദി കോഴിക്കോട് ജില്ലാ ഐഎംസിസി കമ്മിറ്റി അഭിപ്രായപ്പെട്ടു. എന്തിന്‍റെ പേരിലായാലും ഇത് ന്യായീകരിക്കാനാവില്ല. രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കലിൽ എത്തി നിൽക്കുമ്പോൾ ഉണ്ടായ ഈ കൊടും ക്രൂരത വലിയ ഞെട്ടൽ ഉളവാക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് കാഷ്മീരിൽ അക്രമ സംഭവങ്ങൾ വർദ്ധിച്ച് വരുന്നത് ആശങ്കാജനകമാണ്. ഇന്‍റജിലൻസ് റിപ്പോർട്ടുകൾ ഉണ്ടായിട്ടും ഗുരുതര വീഴ്ചയാണ് ഉണ്ടായത്. ഇത് ഗൗരവകരമായി കാണേണ്ടിയിരിക്കുന്നു. ധീരന്മാരായ നമ്മുടെ സൈനികർക്കു നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

വരാൻ പോകുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ഈ സംഭവം ആയുധമാക്കാതെ സമഗ്രമായ അനേഷണം നടത്തി,കാഷ്മീർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ആവശ്യമായ, രാഷ്ട്രീയ നീക്കങ്ങൾ നടത്താൻ എല്ലാവരും തയാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി അബ്ദുറസാക്ക് പടനിലം (പ്രസിഡന്‍റ്), നാസർ കൈതപ്പൊയിൽ, അബു കുണ്ടായി കൊടുവള്ളി, ഹബീബ് കുറ്റിക്കാട്ടൂർ, അബ്ദുറഹ്മാൻ കിണാശേരി (വൈസ് പ്രസിഡന്‍റുമാർ), ഹനീഫ യാമ്പു (ജനറൽ സെക്രട്ടറി), മുസ്തഫ കൊടുവള്ളി, സക്കീർ പേരാമ്പ്ര, ജലീൽ കൊടുവള്ളി, അഷ്കർ പന്തീരങ്കാവ് (ജോയിന്‍റ് സെക്രട്ടറിമാർ), റഷീദ് ബാലുശേരി (ട്രഷറർ) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ