മലപ്പുറം ജില്ലാ കെ എംസിസി ബഹുഭാഷാ ലൈബ്രറി മലപ്പുറത്ത്
Saturday, February 23, 2019 8:36 PM IST
ജിദ്ദ : മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ആസ്ഥാനമായ പി.എം.എസ്.എ പൂക്കോയ തങ്ങൾ സ്മാരക മന്ദിരത്തിൽ ജിദ്ദ മലപ്പുറം ജില്ലാ കെ എംസിസി അത്യാധുനിക ലൈബ്രറി സമുച്ചയം ഒരുക്കുന്നു.

മലപ്പുറം ജില്ലാ മുസ് ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കെ.എംസിസി സംഘടിപ്പിച്ച ഐക്യ ദാർഢ്യ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആക്ടിംഗ് പ്രസിഡന്‍റ് ഉനൈസ് വി.പി അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.

"മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ച് മുന്നേറാം' എന്ന പ്രമേയത്തിൽ നടക്കുന്ന മുസ് ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ഞായറാഴ്ച പരിസമാപ്‌തി കുറിക്കും. ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി പുതുതായി പണികഴിപ്പിച്ച പി.എം.എസ്.എ പൂക്കോയ തങ്ങൾസ്മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനവും ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് എഴുപതാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ മുസ് ലിം ലീഗ് ആചരിച്ച 'അഭിമാനകരമായ അസ്തിത്വം 70 വർഷങ്ങൾ' എന്ന കാമ്പയിന്‍റെ സമാപനവും ഇതോടനുബന്ധിച്ച് നടക്കും. പഠനാർഹമായ ചർച്ചകളും സെമിനാറുകളും സംഗമങ്ങളുമായി വിപുലമായ സമ്മേളനമാണ് നടക്കുന്നത്.

ദളിത് കുടുംബസംഗമം, കലാപരിപാടികൾ, സംവരണ സമ്മേളനം, ലോയേഴ്‌സ് കൊളോകിയം, സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കായി ചിത്ര രചനാ മത്സരം, പ്രതിനിധി സമ്മേളനം, വിദ്യാർഥി യുവജന വനിതാ തൊഴിലാളി പ്രവാസി കെ.എംസിസി കർഷക ഉലമാ ഉമറാ സാംസ്‌കാരിക സമ്മേളനങ്ങൾ അടക്കം വിവിധങ്ങളായ 16 സമ്മേളനങ്ങൾ നടക്കും. സംവരണ-ഭരണ ഘടനാ സെമിനാറുകളും ജില്ലയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് ജില്ലാ വികസന സെമിനാറും നടക്കുന്നു.

കൊണ്ടോട്ടി മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി രായിൻ കുട്ടി നീറാട്, സെൻട്രൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ വി.പി മുസ്തഫ, മുസ്തഫ വാക്കാലൂർ എന്നിവർ പ്രസംഗിച്ചു.

ഐക്യദാർഢ്യ സമ്മേളത്തോടനുബന്ധിച്ച് നടന്ന ഇശൽ സന്ധ്യക്ക് കലാ വിഭാഗം കൺവീനർ ശിഹാബ് കണ്ണമംഗലം, ഹബീബ് വളമംഗലം, സജീർ ചെറുകുന്ന്, മുഹമ്മദലി വണ്ടൂർ എന്നിവർ നേതൃത്വം നൽകി. ജില്ലാ ഭാരവാഹികളായ സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, ജുനൈസ് നിലമ്പൂർ, അബാസ് വേങ്ങൂർ, ജലാൽ തേഞ്ഞിപ്പലം, സുൾഫിക്കർ ഒതായി, അശ്റഫ് വി.വി, അബ്ദുൽഗഫൂർ മങ്കട എന്നിവർ പരിപാടി നിയന്ത്രിച്ചു.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ