ടിസിഎഫ് പത്താം വാർഷികാഘോഷവും ടൂർണമെന്‍റ് പ്രചാരണ പരിപാടിയും
Saturday, February 23, 2019 8:58 PM IST
ജിദ്ദ : ടിസിഎഫ് പത്താം വാർഷികാഘോഷവും ടൂർണമെന്‍റ് പ്രചാരണ പരിപാടിയും ജിദ്ദ റമദാ കോണ്ടിനന്‍റൽ ഹോട്ടലിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. ടീം ക്യാപ്റ്റന്മാരും ക്ഷണിക്കപ്പെട്ട അതിഥികളും സ്പോൺസർമാരും പങ്കെടുത്ത പരിപാടിയിൽ ടൂർണമെന്‍റിന്‍റെ ഔദോഗിക ഉദ്ഘാടനവും തൽസമയ ടീം പൂൾ നറുക്കെടുപ്പും ചാമ്പ്യൻസ് ട്രോഫി പ്രകാശനവും ടീം നായകന്മാരുമായുള്ള മുഖാമുഖം പരിപാടിയും നടന്നു.

പത്താം വാർഷികത്തോടനുബന്ധിച്ച് ടിസിഎഫ് സ്ഥാപകാംഗങ്ങളായ അലി സിസിഒ, ഒ.വി. ഫഹീം, അൻവർ സാദത്ത് ടി.വി, നബീൽ, അൻവർ സാദത്ത് വി.പി, മുഹമ്മദ് ഫസീഷ് എന്നിവരെ അവരുടെ അസാന്നിധ്യത്തിൽ അവരുടെ സേവനങ്ങളെ കുറിച്ചും ടിസിഎഫിന്‍റെ വിജയത്തിന്‍റെ വീഡിയോ പ്രദർശനത്തിലൂടെ പ്രസിഡന്‍റ് ഷഹനാദ് ആദരിച്ചു. തുടർന്ന് അബ്ദുൾ കാദർ മോചെരി തയാറാക്കിയ ടിസിഎഫ് പത്തു വർഷം യാത്ര വീഡിയോ പ്രദർശിപ്പിച്ചു. പത്താം വാർഷികത്തോടനുബന്ധിച്ച് ഷീറ ബേക്കറി തയാറാക്കിയ കേക്ക് ടി.സി.എഫ് ഓർഗനൈസിംഗ് ടീം അംഗങ്ങൾ ചേർന്ന് മുറിച്ചു.

എസിസി (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) 20 ട്വന്‍റിചാമ്പ്യന്മാരായ സൗദി അറേബ്യൻ ടീമിൽ അംഗവും ഖത്തറിനെതിരെ ഫൈനൽ മത്സരത്തിൽ ഹീറോ ആയ മലയാളി താരം ഷംസുദ്ദീൻ മഞ്ചേരിയെ ചടങ്ങിൽ ടിസിഎഫ് പ്രസിഡന്‍റ് ഷഹനാദും സെക്രട്ടറി സഫീൽ ബക്കറും ചേർന്ന് ആദരിച്ചു.

12 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത നാല് പൂളുകളിൽ പൂൾ എ യിൽ മുൻ ചാമ്പ്യൻമാരായ യംഗ് സ്റ്റാർ, റോയൽ ഫൈറ്റർ, താമർ, പൂൾ ബി യിൽ ടൈമെക്‌സ്‌ കെ.കെ.ആർ, നെസ്മ എയർലൈൻസ്, ബൂപ അറേബ്യ, പൂൾ സി യിൽ അൽ മാക്സ് ക്രിക്കറ്റ്, ഹാമെൻഫെയ്‌സ്‌, മൈ ഓൺ കെ.പി.എൽ, പൂൾ ഡി യിൽ കായാനി ക്രിക്കറ്റ് ക്ലബ്, ടസ്‌കേഴ്‌സ്, ഫ്രൈഡേ സ്റ്റാല്ലിയൻസ് എന്നീ ടീമുകൾ ലൈവ് നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.

ഓരോ ടീമും പ്രാഥമിക റൗണ്ടിൽ മൂന്ന് മത്സരങ്ങൾ കളിക്കും. ഗ്രൂപ്പ് എയിലെ ടീമുകൾ ബി ഗ്രൂപ്പിലെ ടീമുമായും ഗ്രൂപ്പ് സിയിലെ ടീമുകൾ ഗ്രൂപ്പ് ഡീയിലെ ടീമുമായും മത്സരിക്കും ഇരു ഗ്രൂപ്പുകളിൽ നിന്നും (A&B, C&D) മികച്ച രണ്ടു ടീമുകൾ വീതം സെമി ഫൈനൽ കളിക്കാൻ യോഗ്യത നേടും. മാർച്ച്‌ 29 നു നടക്കുന്ന കലാശകൊട്ടോടെ ടൂർണമെന്‍റിനു തിരശ്ചീല വീഴും. സിത്തീൻ റോഡിലെ അൽ വഹ ഹോട്ടലിനടുത്തുള്ള ബിടിഎം ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുക.

മാർച്ച് ഒന്നിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ താമർ ക്രിക്കറ്റ് നെസ്മ എയർലൈൻസ് ക്രിക്കറ്റ് ക്ലബിനെ നേരിടും. വൈകുന്നേരം 6 ന് മത്സരങ്ങൾ ആരംഭിക്കും. രണ്ടാമത്തെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യംഗ് സ്റ്റാർ ബൂപ അറേബ്യയെ നേരിടും. ആദ്യ ദിവസത്തെ അവസാന മത്സരത്തിൽ അൽ മാക്സ് ക്രിക്കറ്റ് ഫ്രൈഡേ സ്റ്റാലിയൻസിനെ നേരിടും. മുഴുവൻ മത്സരങ്ങളും ഫ്ളഡ് ലൈറ്റിലാണ് നടക്കുന്നത്. നാലു ആഴ്ചകൾ നീണ്ടു നിൽക്കുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ മാർച്ച് 29 നു നടക്കും.

സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്‍ററുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മുഴുവൻ മത്സരങ്ങളും നിയന്ത്രിക്കുന്നത് സൗദി ക്രിക്കറ്റ് സെന്‍ററിന്‍റെ കീഴിലുള്ള എസിസി/ഐസിസി അംഗീകരിച്ച അമ്പയർമാരാണ്.

എഫ്എസ്എൻ ചാമ്പ്യൻസ് ട്രോഫി, പത്താം വാർഷിക സ്പെഷൽ ട്രോഫി, റണ്ണർ അപ്പ് ട്രോഫി എന്നിവ പ്രസിഡന്‍റ് ഷഹനാദ്, സെക്രട്ടറി സഫീൽ ബക്കർ, ഷംസീർ ഒളിയാട്ട് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. തത്സമയ പൂൾ തിരഞ്ഞുടുപ്പും ഫിക്സ്ച്ചർ പ്രകാശനവും വൈസ് പ്രസിഡന്‍റ് റിയാസ് ടിവി യും അബ്ദുൽ കാദർ മോചെരിയും ചേർന്ന് നിയന്ത്രിച്ചു.

ടൂർണമെന്‍റിന്‍റെ മുഖ്യ പ്രായോജകർ എഫ്എസ്എന്നും ബൂപ, അസൻഷ്യ ഡയബറ്റിക് കെയർ, പ്രൈമ് എക്സ്പ്രസ്സ്, മാസൂമ് ലോജിസ്റ്റിക്, കൂൾ ഡിസൈൻ, താമിർ എന്നിവർ സഹ പ്രായോജകരുമാണ്.

ടിസിഎഫ് സെക്രട്ടറി സഫീൽ ബക്കർ സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ഷഹനാദ് അധ്യക്ഷത വഹിച്ചു. അജ്മൽ നസീറും ജസീം ഹാരിസും പരിപാടിയുടെ അവതാരകർ ആയിരുന്നു. ടൂർണമെന്‍റിന്‍റെ നിയമാവലിയും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചുള്ള നായകന്മാരുടെ സംശയങ്ങൾക്ക് ടൂർണമെന്‍റ് കൺവീനറും വൈസ് പ്രസിഡന്‍റുമായ റിയാസ് ടി.വി മറുപടി നൽകി. ടി സി എഫ് ടീം നിയന്ത്രിച്ച പരിപാടിയിൽ ഷംസീർ ഒളിയാട്ട് നന്ദി പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ