യഥാർഥ പ്രതികൾ പിടിക്കപ്പെടണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യം: ദമാം ഒഐസിസി
Saturday, February 23, 2019 9:45 PM IST
അൽ കോബാർ: കാസർകോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ദമാം ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ യഥാർഥപ്രതികളെ പിടികൂടണമെങ്കിൽ സിബിഐ അന്വേഷണത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന മാതാപിതാക്കളുടെ ആവശ്യത്തെ സർക്കാർ എന്തിന് ഭയപ്പെടുന്നുവെന്ന് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഒഐസിസി ദമ്മാം റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ.സലിം ചോദിച്ചു.

സർക്കാരിന്‍റെ ഇഷ്ടങ്ങൾ മാത്രം നടപ്പിലാക്കുന്ന പോലീസ് ഓഫീസറെന്ന ട്രാക്ക് റിക്കാർഡുള്ള ആളെ അന്വേഷണ ചുമതല ഏൽപ്പിച്ചതുതന്നെ ഈ കേസിലെ യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനാണെന്ന സംശയം ബലപ്പെടുത്തുകയാണ്. കൃപേഷിനേയും ശരത് ലാലിനെയും നിഷ്ടൂരമായി വെട്ടിക്കൊലപ്പെടുത്തിയതിനെ സർക്കാരും സിപിഎമ്മും തള്ളിപ്പറയുന്നത് ആത്മാർഥതയോടെയാണെങ്കിൽ കൃപേഷിൻെയും ശരത് ലാലിൻറെയും മാതാപിതാക്കളുടെ ആവശ്യത്തെ സർക്കാർ അംഗീകരിക്കുവാൻ തയാറാകണമെന്നും ഇ.കെ.സലിം ആവശ്യപ്പെട്ടു.

നാടിനെ നടുക്കിയ കല്യോട്ടിലെ രണ്ടു ചെറുപ്പക്കാരുടെ വധത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികൾക്ക്‌ അടിയന്തര പരോൾ നൽകാനിടയായ സാഹചര്യം എന്തായിരുന്നു. അതിലൊരാളെ ഒരു മോഷണക്കേസിൽ പെടുത്തി പോലീസ് പിടിച്ചുകൊണ്ട് പോകുന്നത് ജനങ്ങളെ കാണിപ്പിച്ചത് കൊലപാതകത്തിന്‍റെ തിരക്കഥ തയാറാക്കിയവരാണെന്ന് ന്യായമായും സംശയിക്കുന്നു. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയം ആ പാർട്ടിയുടെ തന്നെ നാശത്തിലേക്ക് നയിക്കും. സിപിഎമ്മിനുവേണ്ടി നടത്തിയ കൊലപാതകകേസുകളിൽ ജയിലുകളിൽ കഴിയുന്ന പ്രതികൾ ഭരണത്തിന്‍റെ തണലിൽ പരോളിലിറങ്ങി ഹണിമൂൺ ആഘോഷിച്ചും നൃത്തം ചവിട്ടിയും കേരള സമൂഹത്തെയും ഇരകളുടെ കുടുംബങ്ങളെയും ഇളിഭ്യരാക്കുകയാണെന്നും പ്രതിഷേധ സദസിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചവർ പറഞ്ഞു.

സിപിഎം നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി എന്നിവർക്ക് ഒഐസിസി ദമ്മാം റീജണൽ കമ്മിറ്റി കത്തയക്കണമെന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് വേണുഗോപാൽ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഷാജി മോഹനൻ, ലാൽ അമീൻ, പി.എ സഗീർ, എസ്.എം.താജുദ്ദീൻ, മോൻസി വർഗീസ്, സുധീർ മുഹമ്മദ്, സജി, ഷംസീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫാ നണിയൂർ നമ്പ്രം സ്വാഗതവും ഫാറൂഖ് നന്ദിയും പറഞ്ഞു. തുടർന്ന് മെഴുകുതിരി കത്തിച്ച് കൃപേഷിനും ശരത് ലാലിനും ശ്രദ്ധാഞ്ജലി അർപ്പിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം