പ്രവാസി കൂട്ടായ്മയിൽ വണ്ടൂരിൽ സിവിൽ സർവീസ് അക്കാഡമി
Saturday, March 16, 2019 3:19 PM IST
ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രവർത്തിക്കുന്ന സഹ്യ സിവിൽ സർവീസ് ആൻഡ് ലോ അക്കാഡമിയുടെ ലോഗോ, ബ്രോഷർ എന്നിവയുടെ പ്രകാശനം ചെയ്തു. പ്രവാസി കൂട്ടായ്മയിലൂടെ ഒരു നാടിനു വെളിച്ചം നൽകിയ സഹ്യ ടൂറിസം ആൻഡ് പ്രവാസി കോഓപ്പറേറ്റിവ് സൊസൈറ്റി സാരഥികളുടെ നാലാമത്തെ സംരംഭമാണ് അക്കാഡമി.

ചടങ്ങിൽ അധ്യക്ഷത വഹിച്ച സൊസൈറ്റി വൈസ് പ്രസിഡന്‍റ് കെ.ടി. എ മുനീർ, മെഡിക്കൽ - എൻജിനിയറിംഗ് മേഖലയിൽ മികവ് പുലർത്തുന്ന മലപ്പുറം ജില്ലയിലെ കുട്ടികൾ എന്തുകൊണ്ട് ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് മേഖലകളിൽ എത്തിപെടുന്നില്ല എന്നതിന് ഉത്തരം കാണാനാണ്, ഇത്തരം ഒരു സ്ഥാപനം തുടങ്ങുവാൻ കാരണമെന്ന് മുനീർ പറഞ്ഞു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡൽഹി അടക്കമുള്ള പ്രദേശങ്ങളിലെ പ്രമുഖ സ്ഥാപങ്ങളുമായി സഹകരിച്ചുകൊണ്ടാണ് അക്കാഡമി പ്രവൃത്തിക്കുകയെന്നും മുനീർ കൂട്ടിച്ചേർത്തു.

കോളജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ പാപ്പറ്റ കുഞ്ഞി മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെറു പ്രായത്തിൽ തന്നെ ഐഎഎസ് അടക്കമുള്ള ഉന്നത ലക്ഷ്യങ്ങൾ കിഴടക്കുന്നതിനു പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തിലാണ് 8 , 9 , 10 ക്‌ളാസുകളിലെ വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിപ്പേറ്ററി കോഴ്‌സ് ആരംഭിക്കുന്നതെന്നും കുഞ്ഞി മുഹമ്മദ് പറഞ്ഞു. വേനൽ അവധി, ഒഴിവ് ദിനങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്ന പരിശീലന പരിപാടി ഭാവിയിൽ ഉന്നത അധികാര സ്ഥാനങ്ങളിൽ നമ്മുടെ ഇന്നത്തെ കുട്ടികൾ എത്തിപെടുവാൻ ഉപകാരപ്രദമാകുമെന്നു അദ്ദേഹം പറഞ്ഞു.

സഹ്യ അംഗങ്ങളായ ചെമ്പൻ അബാസ്, യൂനുസ് പെരുകനഞ്ചിറ (ദുബായ്) സൈദലവി നരിക്കുനി, അക്ബർ കരുമാര, ഫൈസൽ പാപ്പറ്റ എന്നിവർ സംസാരിച്ചു. സഹ്യ കോഓർഡിനേറ്റർ സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും അലി മാളിയേക്കൽ നന്ദിയും പറഞ്ഞു.

കഴിഞ്ഞ 6 വർഷമായി കോഴിക്കോട് സർവകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജിൽ 10 ബിരുദ - ബിരുദാനന്തര കോഴ്‌സുകളിലായി നിരവധി വിദ്യാർഥികളാണ് പഠിക്കുന്നത്. ജിദ്ദയിലെ പ്രവാസി പ്രമുഖരായ ആലുങ്ങൽ മുഹമ്മദ് (പ്രസിഡന്‍റ് , അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് ) അബ്ദുല്ല മുഹമ്മദ് വെള്ളെങ്ങര ( മാനേജിംഗ് ഡയറക്ടർ , ഹിബ ഏഷ്യ ഗ്രൂപ്പ്, വണ്ടൂർ നിംസ് ഹോസ്പിറ്റൽ) അർഷാദ് നൗഫൽ ( ഡയറക്ടർ, ഗുലയിൽ മെഡിക്കൽ ഗ്രൂപ്പ്) തുടങ്ങിയവരുടെ രക്ഷകാർതത്വത്തിൽ പ്രവൃത്തിക്കുന്ന കോളജിൽ നിന്നും ഇതിനോടകം 500 ൽ അധികം വിദ്യാർഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. ഏകദേശം 5000 ൽ പരം വിദ്യാർഥികൾ പ്ലസ് ടു പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന 8 പഞ്ചായത്തുകളിൽ ഒരു അംഗീകൃത കേളജും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു സംരഭവുമായി പ്രവാസികൾ മുന്നിട്ടറങ്ങിയത്. പ്രവാസികളുടെ യാത്രാ കാര്യങ്ങൾക്കുള്ള സഹ്യ ലിഷർ , സഹ്യ ബിൽഡേഴ്‌സ് എന്നിവയാണ് മറ്റു സംരഭങ്ങൾ.

വിവരങ്ങൾക്ക്: 0556602367 , 0551328244 എന്നി .

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ